ദോഹ: ബലിപെരുന്നാളിന്റെ ഭാഗമായി ഖത്തറിൽ 4100 ഉദുഹിയത് (ബലികർമം) നടത്തിയതായി ഖത്തർ ചാരിറ്റി അറിയിച്ചു.
ഇതുവഴി അർഹരായ 33,330 പേർക്ക് ബലിമാംസം വിതരണം ചെയ്യാൻ കഴിഞ്ഞു. കുറഞ്ഞ വരുമാനക്കാർ, വിധവകൾ, അനാഥകൾ, ഏഷ്യൻ-അറബ് വംശജരായ തൊഴിലാളികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കാണ് ഖത്തർ ചാരിറ്റി ബലിമാംസം വിതരണം ചെയ്തത്.
34 ലക്ഷം റിയാൽ ചെലവിലാണ് രാജ്യത്ത് പെരുന്നാളിനോടനുബന്ധിച്ച് ബലിമാംസം വിതരണം നടത്തിയത്. പെരുന്നാളിന്റെ മൂന്നും നാലും ദിനങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബലിമാംസം എത്തിക്കുകയായിരുന്നു.
അൽവക്റ, അൽ സൈലിയ ബീച്ച്, അൽ ഷെഹാനിയ, ഉംസലാൽ എന്നിവടങ്ങളിൽ വിദാം ഫുഡ് കമ്പനിയുമായി സഹകരിച്ചാണ് മാംസവിതരണം നടത്തിയത്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പിനോ, ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ വിവിധ കമ്യൂണിറ്റി പ്രവർത്തകരുടെ സേവനവും ഉപയോഗപ്പെടുത്തി. ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്ക് താമസസ്ഥലത്ത് എത്തിച്ചായിരുന്നു മാംസവിതരണം. ഇതിനുപുറമെ, ഖത്തർ ചാരിറ്റി നേതൃത്വത്തിൽ 1500 അനാഥ വിദ്യാർഥികൾക്ക് പെരുന്നാൾ ആഘോഷത്തിന് സഹായവും എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.