ജോർഡൻ വഴി ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായ​മെത്തിക്കുന്ന ഖത്തർ ചാരിറ്റി വളന്റിയർ ടീം

ദുൽഹജ്ജ് കാമ്പയിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി

ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 ലക്ഷത്തിലധികം ഗുണഭോക്താക്കളെ ലക്ഷ്യംവെച്ചുള്ള ഖത്തർ ചാരിറ്റിയുടെ ദുൽഹജ്ജ് കാമ്പയിന് തുടക്കം കുറിച്ചു. ഖത്തറിലെ ഉദാരമതികളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന കാമ്പയിനിലൂടെ രാജ്യത്തിനകത്തും പുറത്തുമായി അർഹരായവർക്ക് ബലിമാംസം വിതരണം ചെയ്യാനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ മാനുഷിക-വികസന പ്രവർത്തനങ്ങൾ നടത്താനും, ഫലസ്തീനിലും ഗസ്സയിലും ദുരിതാശ്വാസ ഇടപെടലുകൾക്ക് ധനസമാഹരണം നടത്തുകയുമാണ് ലക്ഷ്യം.

കാമ്പയിന്റെ ഭാഗമായുള്ള ബലിമാംസ വിതരണ പദ്ധതിയിലൂടെയും മറ്റ് മാനുഷിക, വികസന സംരംഭങ്ങളിലൂടെയും കഴിയുന്നത്ര ആളുകളെ സഹായിക്കാൻ സംഭാവന നൽകുന്നതിന് എല്ലാവരും മുന്നോട്ടു വരണമെന്ന് ഖത്തർ ചാരിറ്റി സി.ഇ.ഒയുടെ മീഡിയാ സെക്ടർ, റിസോഴ്‌സ് ഡെവലപ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് അഹ്മദ് യൂസുഫ് ഫഖ്‌റു അഭ്യർഥിച്ചു. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർ (ഐ.ഡി.പി), അഭയാർഥികൾ തുടങ്ങിയവരിലേക്ക് സഹായമെത്തിക്കുകയാണ് പ്രഥമ ലക്ഷ്യം.

‘നിങ്ങളുടെ ഉദ്ഹിയ (ബലി), ആവശ്യമുള്ളവർക്ക് ഭക്ഷണം’ എന്ന തലക്കെട്ടിൽ ഖത്തർ ഉൾപ്പെടെ 40 രാജ്യങ്ങളിലായി 59 ബലിമൃഗങ്ങളെ വിതരണം ചെയ്യാൻ കാമ്പയിനിലൂടെ പദ്ധതിയിടുന്നുണ്ട്. രാജ്യത്തെ ഉദാരമതികളുടെ പിന്തുണയോടെ 11 ലക്ഷത്തിലധികം ആളുകൾക്കാണ് ബലിമാംസം വിതരണം ചെയ്യുക. ഖത്തറിനുള്ളിൽ ഉദ്ഹിയ പദ്ധതിയിലൂടെ ഏകദേശം 50,000 പേർക്കാണ് ബലിമാംസം വിതരണം ചെയ്യാനുദ്ദേശിക്കുന്നത്.

അറബ്, ഏഷ്യൻ കമ്യൂണിറ്റികളുടെയും കമ്യൂണിറ്റി ഡെവലപ്‌മെന്റിനായുള്ള ഖത്തർ ചാരിറ്റി സെന്ററുകളുടെയും സഹകരണത്തോടെ വിദാം ഫുഡ് കമ്പനി വഴിയാണ് വിതരണം ചെയ്യുക. ഖത്തറിന് പുറത്ത് 54,000 ബലി മൃഗങ്ങൾ വിതരണം ചെയ്യും. 39 ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലായി ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഇത് പ്രയോജനപ്പെടും. സിറിയ, ഫലസ്തീൻ, സുഡാൻ, യെമൻ തുടങ്ങി കടുത്ത ദുരിതങ്ങളിലൂടെ മുന്നോട്ടു പോകുന്ന രാജ്യങ്ങളിലും കാമ്പയിൻ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കിണർ നിർമാണം, ശുദ്ധജല വിതരണം, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ പിന്തുണക്കുക, പള്ളികളുടെ നിർമാണം, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം തുടങ്ങിയ വികസനപദ്ധതികളെ പിന്തുണക്കാനും കാമ്പയിൻ പദ്ധതിയിടുന്നുണ്ട്.

Tags:    
News Summary - Qatar Charity Dhul-Hijjah Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.