ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി യുദ്ധവും പ്രകൃതിദുരന്തങ്ങളും അനാഥരാക്കിയ ആയിരങ്ങൾക്ക് കൂടൊരുക്കാൻ ഇറങ്ങിത്തിരിച്ച ഖത്തർ ചാരിറ്റി കൈമെയ് മറന്ന് പിന്തുണയേകി ഖത്തറിലെ സ്വദേശി, പ്രവാസി സമൂഹം. രണ്ടു വർഷംകൊണ്ട് തുർക്കിയയിലെ ഇസ്താംബൂളിൽ പണിപൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഓർഫൻ സിറ്റിയുടെ നിർമാണം ലക്ഷ്യംവെച്ച് നടത്തിയ 27ാം രാവ് ധനശേഖരണത്തിൽ മൂന്നു മണിക്കൂർ കൊണ്ട് അഞ്ച് കോടി റിയാൽ സമാഹരിക്കാൻ കഴിഞ്ഞു.
റമദാൻ 25ന്റെ രാവിൽ തുടക്കം കുറിച്ച ധനശേഖരണ യത്നം വെള്ളിയാഴ്ച രാത്രിയിലാണ് ചൂടുപിടിച്ചത്. വിശ്വാസപ്രകാരം ഏറെ പുണ്യങ്ങളുള്ള റമദാന്റെ 27ാം രാത്രിയിൽ സ്വദേശികളും താമസക്കാരും ഉൾപ്പെടെ ആയിരങ്ങൾ ചെറുതും വലുതുമായ സംഭാവനകളോടെ ഖത്തർ ചാരിറ്റിയുടെ ദൗത്യത്തിന് പിന്തുണയേകി. കതാറ കൾചറൽ വില്ലേജിലെ വിസ്ഡം സ്ക്വയറിൽ പ്രത്യേകമൊരുക്കിയ വേദിയിലായിരുന്നു ഫണ്ട് ഡ്രൈവ്. ഖത്തരി സമൂഹമാധ്യമ താരങ്ങളായ അബ്ദുല്ല അൽ ഗഫ്റി, മുഹമ്മദ് അദ്നാൻ, മാധ്യമ പ്രവർത്തകൻ ഡോ. അബ്ദുൽ റഹ്മാൻ അൽ ഹറമി എന്നിവർ നേതൃത്വം നൽകി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അനാഥനായ കുരുന്നുകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം, താമസം, ജീവിതം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് അത്യാധുനിക സംവിധാനങ്ങളോടെ ഓർഫൻ സിറ്റി നിർമിക്കുന്നത്. തുർക്കിയിലെ ഇസ്താംബൂളിലാണ് ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. 2000 കുട്ടികൾക്ക് പഠനവും താമസവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും. 1200 കുട്ടികൾക്ക് ഇവിടെ താമസിച്ചും 800ഓളം പേർക്ക് അല്ലാതെയും ഗുണഫലങ്ങൾ ലഭ്യമാക്കും. കളിസ്ഥലങ്ങൾ, സ്കൂൾ, പള്ളി, പാർക്ക് തുടങ്ങിയ ഉൾപ്പെടുന്നതാണ് പദ്ധതി. രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതിക്ക് 13 കോടി റിയാലാണ് ബജറ്റ്. ഇതിന്റെ ധനശേഖരണം ഖത്തർ ചാരിറ്റി വഴി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.