ദോഹ: ഇസ്രായേലിന്റെ ആക്രമണവും ഉപരോധവും ദുരിതത്തിലാക്കിയ ഗസ്സയുടെ വിശപ്പടക്കി ഖത്തർ ചാരിറ്റിയുടെ റമദാൻ കാമ്പയിൻ. ഒരു മാസം നീണ്ട ക്ഷേമ പ്രവർത്തനങ്ങളിലൂടെ 35 ലക്ഷം ഫലസ്തീനികളിലേക്കാണ് ഖത്തർ ചാരിറ്റി സഹായമെത്തിച്ചത്. വിശുദ്ധ മാസത്തിൽ ശേഖരിച്ച സംഭാവനകൾ കൊണ്ട് ഭക്ഷ്യവസ്തുക്കളും ധാന്യപ്പൊടിയും മറ്റുമുൾപ്പെടെ 32 ലക്ഷം കിറ്റുകൾ വിതരണം ചെയ്തതായും 14.9 ദശലക്ഷം റിയാൽ ചെലവഴിച്ചതായും ഖത്തർ ചാരിറ്റി ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചു.
ഇസ്രായേലിന്റെ തുടരെയുള്ള ആക്രമണങ്ങൾക്കിടയിൽ വിശുദ്ധ മാസത്തെ അടയാളപ്പെടുത്തിയ സമയത്താണ് ഖത്തർ ചാരിറ്റി റമദാൻ കാമ്പയിൻ സംഘടിപ്പിച്ചത്. ഗസ്സയിൽ മാത്രം ഖത്തർ ചാരിറ്റി നടത്തിയ ‘ഫീഡ് ദി ഫാസ്റ്റിങ്’ സംരംഭം മൂന്ന് ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തിയത്. ഫലസ്തീന് പുറമെ ഖത്തർ ചാരിറ്റി റമദാൻ കാമ്പയിന് വേണ്ടി സമാഹരിച്ച സംഭാവനകൾ മറ്റു രാജ്യങ്ങളിലും നിരവധി പേർക്ക് പ്രയോജനപ്പെട്ടതായും വ്യക്തമാക്കി.
വിവിധ നാടുകളിലെ വികസനപദ്ധതികൾക്ക് വേണ്ടിയുള്ള 153 ദശലക്ഷം റിയാലിന് പുറമേ ഇഫ്താർ ഭക്ഷണത്തിനായി 4.19 കോടി റിയാലും ചെലവഴിച്ചതായി ഖത്തർ ചാരിറ്റി വ്യക്തമാക്കി. കുടിയൊഴിപ്പിക്കപ്പെട്ട കുട്ടികളുടെ ദുരിതമകറ്റിയും, അവരുടെ ഒറ്റപ്പെടൽ താൽക്കാലികമായി അവസാനിപ്പിച്ചും ഗസ്സയിലെ ജനങ്ങൾക്ക് പെരുന്നാളിന്റെ സന്തോഷം നൽകാനും ഖത്തർ ചാരിറ്റിക്ക് റമദാൻ കാമ്പയിൻ സംരംഭങ്ങളിലൂടെ സാധിച്ചു. റമദാനിലും തുടർന്ന് വരുന്ന ഈദ് സമയങ്ങളിലും ദാനധർമങ്ങളാൽ സജീവമായ ഖത്തറിലെ സ്വദേശികളും താമസക്കാരും തങ്ങളുടെ വിഹിതം ഖത്തർ ചാരിറ്റിയിലൂടെ അർഹരിലേക്കെത്തിക്കാൻ ശ്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.