ദോഹ: റമദാൻ മാസം പിറക്കാനിരിക്കെ, വിവിധ രാജ്യങ്ങളിലെ പാവങ്ങളുടെ വിശപ്പുമാറ്റുന്ന വൻ പദ്ധതിയുമായി ഖത്തർ ചാരിറ്റി. 41 രാജ്യങ്ങളിൽ 118 ദശലക്ഷം റിയാലിന്റെ റമദാൻ പദ്ധതികൾ നടപ്പാക്കുന്ന ‘റമദാൻ: ലീവ് യുവർ മാർക്’കാമ്പയിന് തുടക്കം കുറിച്ചു. വിവിധ റമദാൻ പദ്ധതികളിലായി 19 ലക്ഷം പേർ ഗുണഭോക്താക്കളാകുന്ന റമദാൻ കാമ്പയിനാണ് നടക്കുന്നത്.
ഖത്തർ നേതൃത്വത്തിനും ഭരണകൂടത്തിനും പൗരന്മാർക്കും താമസക്കാർക്കും ആശംസയും അഭിനന്ദനങ്ങളും അറിയിക്കുന്നതായി ഖത്തർ ചാരിറ്റി റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മീഡിയ സെക്ടറിലെ സി.ഇ.ഒയുടെ അസിസ്റ്റന്റ് അഹ്മദ് യൂസുഫ് ഫഖ്റൂ അറിയിച്ചു.
റമദാനിൽ എത്തിച്ചേരാനും സമാധാനവും ഐക്യവും സന്തോഷവും നിലനിൽക്കാനും പ്രാർഥിക്കുന്നു. വർഷം മുഴുവനും ഖത്തർ ചാരിറ്റി പദ്ധതികൾക്ക് പിന്തുണ നൽകിയതിനും മുൻ റമദാൻ കാമ്പയിനുകൾക്ക് സംഭാവന നൽകിയതിനും ഖത്തറിലെ മനുഷ്യസ്നേഹികൾക്കും ഉദാരമതികൾക്കും നന്ദി. ഈ വർഷത്തെ റമദാൻ കാമ്പയിനെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർ, അഭയാർഥികൾ, ദുരന്തങ്ങളും പ്രതിസന്ധികളും ബാധിച്ചവർ, അധഃസ്ഥിതർ, ആവശ്യക്കാർ എന്നിവരുൾപ്പെടുന്ന ഗുണഭോക്താക്കൾക്കായി വരുന്ന റമദാൻ കാമ്പയിനെ പിന്തുണക്കണമെന്ന് അദ്ദേഹം അഭ്യാർഥിച്ചു.
വ്രതമനുഷ്ഠിക്കുന്നവർക്കായി ഭക്ഷണ പാക്കേജുകളും ഇഫ്താർ ഭക്ഷണങ്ങളും നൽകുക, സകാത് അൽ ഫിത്ർ, ഈദ് വസ്ത്രം, അനാഥരും അഗതികളുമായ കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള ഈദ് സമ്മാനം എന്നിങ്ങനെ നിരവധി പദ്ധതികളാണ് കാമ്പയിനിൽ ഉൾപ്പെടുന്നത്.
ഖത്തറിനുള്ളിൽ മാത്രം ഏകദേശം 870 ലക്ഷം റിയാൽ മൂല്യമുള്ള റമദാൻ പദ്ധതികളാണ് നടപ്പാക്കുകയെന്നും ഏകദേശം ഒമ്പതുലക്ഷം ആളുകൾ ഇതിന്റെ ഗുണഭോക്താക്കളാകുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ ഫിഹൈദ പറഞ്ഞു.
തൊഴിലാളികൾ, കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾ, അനാഥർ, പ്രവാസികൾ എന്നിവർക്കായുള്ള സീസണൽ പ്രോജക്ടുകൾ കാമ്പയിനിൽ ഉൾപ്പെടുത്തുമെന്നും കടക്കെണിയിലായവർക്കും വിധവകൾക്കും മാനുഷിക പരിഗണന അർഹിക്കുന്നവർക്കും രോഗികൾക്കും മറ്റുമായി അൽ അഖ്റബൂൻ പ്ലാറ്റ്ഫോമിലൂടെ സഹായമെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ നിരവധി ബോധവത്കരണ, സന്നദ്ധ സംരംഭങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫീഡ് ദി ഫീസറ്റിങ് പദ്ധതികളിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിനുപുറത്ത് ഖത്തർ ചാരിറ്റി ഫീൽഡ് ഓഫിസുകളിലൂടെയും പ്രാദേശിക പങ്കാളികളിലൂടെയുമായി 40 രാജ്യങ്ങളിൽ റമദാൻ കാമ്പയിൻ നടപ്പാക്കും. സിറിയ, തുർക്കിയ, സോമാലിയ, ബംഗ്ലാദേശ് (റോഹിങ്ക്യകൾ), ഫലസ്തീൻ തുടങ്ങിയ ദുരന്തങ്ങളും പ്രതിസന്ധികളും നേരിടുന്ന രാജ്യങ്ങളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.
31 ദശലക്ഷം റിയാലിന്റെ പദ്ധതികളിൽ നിന്നായി 10 ലക്ഷത്തിലധികം പേർ ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അൽ ഹമ്മാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.