ദോഹ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ, സ്വകാര്യ മേഖലകളിലെ ഓഫിസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം തുടരാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ 80 ശതമാനം ജീവനക്കാരാണ് ഓഫിസുകളിൽ നേരിട്ടെത്തി ജോലി ചെയ്യേണ്ടത്. ബാക്കിയുള്ളവർ വീടുകളിലിരുന്നാണ് ജോലി ചെയ്യേണ്ടത്. സെപ്റ്റംബർ ഒന്നുമുതലും ഇേത രീതി തുടരാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
സെപ്റ്റംബർ ഒന്നുമുതലാണ് രാജ്യത്ത് നാലാംഘട്ട കോവിഡ് നിയന്തണങ്ങൾ നീക്കൽ നിലവിൽ വരുന്നത്. ഈ ഘട്ടത്തിൽ ഓഫിസുകളിൽ നൂറുശതമാനം ജീവനക്കാർക്ക് നേരിട്ടെത്താമെന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ആഗസ്റ്റ് മാസത്തിൽ തുടരുന്ന വിധത്തിൽ 80 ശതമാനം ജീവനക്കാർ തന്നെ ഓഫിസുകളിലെത്തി ജോലി ചെയ്യുന്ന സ്ഥിതി തുടരണമെന്നാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഓഫിസുകളിൽ ജീവനക്കാരുടെ യോഗങ്ങൾ നടത്താം. എന്നാൽ 15 പേരിൽ കൂടുതൽ ആളുകൾ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കാൻ പാടില്ല. മന്ത്രിസഭാ തീരുമാനം സെപ്റ്റംബർ ഒന്നുമുതലാണ് പ്രാബല്യത്തിൽ വരിക.
ക്ലീനിങ് ആൻറ് ഹോസ്പിറ്റാലിറ്റി കമ്പനികൾ വീടുകളിൽ നടത്തിവന്നിരുന്ന സേവനങ്ങൾക്കുള്ള വിലക്ക് മന്ത്രിസഭ എടുത്തുകളയുകയും ചെയ്തു. ഇനി ഇത്തരം കമ്പനികൾക്ക് വീടുകളിലെത്തി സേവനം നൽകാൻ കഴിയും. അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭയുടെ സാധാരണ യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് ആൽഥാനി അധ്യക്ഷത വഹിച്ചു. സ്വകാര്യ ആരോഗ്യ മേഖലയിലെ നിയന്ത്രണങ്ങൾ മന്ത്രിസഭ പിൻവലിച്ചിട്ടുണ്ട്. മാസ്ക്കുകൾ ധരിക്കൽ അടക്കമുള്ള മറ്റ് കോവിഡ് പ്രതിരോധ നടപടികൾ തുടരാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.