ദോഹ: ഖത്തറിന് മേൽ അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം എത്രയും വേഗം പിൻവലിച്ച് ചർച്ചക്ക് തയാറാവണമെന്ന് റഷ്യ. ന്യൂയോർക്കിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.
കുവൈത്ത് നടത്തവരുന്ന മധ്യസ്ഥ ശ്രമങ്ങളെ തുടക്കം മുതൽ തന്നെ റഷ്യ പിന്തുണച്ച് വരുന്നതായി അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഉപരോധം പിൻവലിക്കാൻ ഈ രാജ്യങ്ങൾ സന്നദ്ധമാകണം. ഇക്കാര്യം ഉപരോധ രാജ്യങ്ങളെ നേരിട്ട് അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുട്ടിൻ ഖത്തർ അടക്കം എല്ലാ രാജ്യങ്ങളുടെ ഭരണാധികാരികളുമായും ഈ വിഷയം ചർച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ ഇപ്പോൾ നിലനിൽക്കുന്ന അരക്ഷിതാവസ്ഥക്ക് എത്രയും വേഗം ശമനം ഉണ്ടാകണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നത്. കൂടിയിരുന്നുള്ള ചർച്ചകളാണ് ഇതിന് ആവശ്യമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ഉപരോധം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.