ദോഹ: ബ്ലൂംബെർഗുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാലാമത് ഖത്തർ സാമ്പത്തിക ഫോറം അടുത്ത വർഷം മേയ് 14 മുതൽ 16 വരെ നടക്കുമെന്ന് സാമ്പത്തിക ഫോറം ഉന്നത സംഘാടക സമിതി അറിയിച്ചു. ആഗോള സമ്പദ് വ്യവസ്ഥയുൾപ്പെടെയുള്ള വിഷയങ്ങളിൽ സമഗ്ര സംവാദങ്ങൾ നടക്കുന്ന ഫോറത്തിൽ വ്യാപാര രംഗത്തെ പ്രമുഖർ, അക്കാദമിക വിദഗ്ധർ, സംരംഭകർ, രാഷ്ട്രത്തലവന്മാർ, ഉന്നത വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
സാമ്പത്തിക മേഖലയിലെ പ്രമുഖ വ്യക്തികളും ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്ന ലോക നേതാക്കളും രാഷ്ട്രത്തലവന്മാരും ഫോറത്തിൽ പങ്കെടുക്കുമെന്ന് ഉന്നത സംഘാടക സമിതി ചെയർമാനും ഖത്തർ മീഡിയ സിറ്റി സി.ഇ.ഒയുമായ ശൈഖ് അലി ബിൻ അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. ഖത്തറിന് വേണ്ടി മാത്രമല്ല, മുഴുവൻ മേഖലക്കും വേണ്ടിയുള്ള സമഗ്ര മുന്നേറ്റം ലക്ഷ്യമാക്കിയാണ് ഫോറം സംഘടിപ്പിക്കുന്നതെന്നും ശൈഖ് അലി ആൽഥാനി കൂട്ടിച്ചേർത്തു.
ഖത്തർ സാമ്പത്തിക ഫോറം അതിന്റെ തുടക്കം മുതൽ തന്നെ മേഖലയിലെ പ്രധാന ബിസിനസ് പരിപാടികളിലൊന്നായി മാറിയതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് ബ്ലൂംബെർഗ് മീഡിയ സി.ഇ.ഒ സ്കോട്ട് ഹാവൻസ് പറഞ്ഞു. ഖത്തർ സാമ്പത്തിക ഫോറത്തിന്റെ മുൻ പതിപ്പുകളിൽ ആഗോളതലത്തിൽ അറിയപ്പെടുന്ന പ്രഭാഷകരും സ്വാധീനമുള്ള വ്യക്തിത്വങ്ങളും രാഷ്ട്രത്തലവന്മാരും പങ്കെടുത്തിരുന്നു.
ഖത്തർ മീഡിയ സിറ്റി, ബ്ലൂംബെർഗ് ഖത്തർ എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫോറം മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസ് ഫോറമായി ഇതിനകം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഖത്തർ സാമ്പത്തിക ഫോറത്തിന്റെ നാലാം പതിപ്പുമായി ബന്ധപ്പെട്ട അജണ്ടകളും വിശദാംശങ്ങളും സംഘാടകർ പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.