ദോഹ: ഈ വർഷം അവസാനത്തോടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ രണ്ട് ശതമാനത്തോളം വളർച്ച കൈവരിക്കുമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ചൊവ്വാഴ്ച നടന്ന ശൂറാ കൗൺസിലിന്റെ 53ാമത് വാർഷിക സെഷന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് അമീർ ദേശീയ സമ്പദ്വ്യവസ്ഥയുടെ കുതിപ്പിനെ സൂചിപ്പിച്ചത്.
2025-2029 സാമ്പത്തിക വർഷത്തോടെ ഈ വളർച്ച 4.1 ശതമാനമായി ഉയരുമെന്നും അമീർ പറഞ്ഞു. പ്രകൃതി വാതക ഉൽപാദന വിപുലീകരണ പദ്ധതികളും, നിർമാണ പദ്ധതികൾ, ഖത്തറിന്റെ മൂന്നാമത് ദേശീയ വികസന സ്ട്രാറ്റജി സംരംഭങ്ങളും സമ്പദ്വ്യവസ്ഥയുടെ കുതിപ്പിന് ഊർജം പകരും.
ലോകകപ്പിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ പദ്ധതികളുടെ പൂർത്തീകരണവും അടിസ്ഥാന വികസനവുമെല്ലാം ലക്ഷ്യത്തിലെത്തിയ സാഹചര്യത്തിൽ 2022 നും 2023നുമിടയിൽ സമ്പദ്വ്യവസ്ഥ മന്ദഗതിയിലാവുമെന്നായിരുന്നു കണക്കുകൂട്ടലുകളെങ്കിലും 2023ലും വളർച്ചയാണ് രേഖപ്പെടുത്തിയത്.
രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) 1.2 ശതമാനം വളർച്ചയുണ്ടായപ്പോൾ ഹൈഡ്രോ കാർബൺ മേഖലയിൽ 1.4 ശതമാനവും ഹൈഡ്രോ കാർബൺ ഇതര മേഖലയിൽ 1.1 ശതമാനവും വളർച്ചയുണ്ടായി -അമീർ പറഞ്ഞു. വിതരണ ശൃംഖലകളുടെ സ്ഥിരത ഉറപ്പാക്കിയും അവശ്യവസ്തുക്കളുടെ ലഭ്യതയിലൂടെയും വില നിയന്ത്രണം സാധ്യമാക്കിയും രാജ്യത്തെ പണപ്പെരുപ്പനിരക്കിലും 1.4 ശതമാനത്തിലേക്ക് കുറക്കാനും കഴിഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ചും നേട്ടം കൊയ്തു.
‘പൊതുബജറ്റിൽ മിച്ചം കൈവരിച്ചും പൊതുകടം കുറച്ചും സാമ്പത്തിക കരുതൽ ശേഖരം വർധിപ്പിച്ചും ഊർജ വിലയിലെ ഏറ്റക്കുറച്ചിൽ ഉൾപ്പെടെ വെല്ലുവിളികളെ രാജ്യത്തിന് ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞു. 2020ൽ ജി.ഡി.പിയുടെ 73 ശതമാനമായിരുന്നു പൊതുകടമെങ്കിൽ 2023 അവസാനത്തോടെ ഇത് 44 ശതമാനമായി കുറക്കാൻ കഴിഞ്ഞു.
വൈവിധ്യമാർന്ന മേഖലയിലെ രാജ്യം സ്ഥിരത കൈവരിക്കുകയാണ്. വാണിജ്യം, വ്യവസായം, ടൂറിസം, സാങ്കേതികം, ഐ.ടി, സാമ്പത്തിക-ഭരണ മേഖല, മാനവവിഭവം തുടങ്ങി വിവിധ മേഖലകളിലെ സമഗ്ര വികസന പാത ഉറപ്പാക്കാൻ കഴിയുന്നു’ -അമീർ വ്യക്തമാക്കി. ആഭ്യന്തര ഉൽപാദനത്തിലും, സ്വകാര്യമേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമുള്ള നയങ്ങളുടെ വിജയവും സൂചിപ്പിച്ചു.
പാരിസ്ഥിതിക പ്രതിബദ്ധതയുടെ ഭാഗമായി ഹരിത ധനസഹായ ചട്ടക്കൂടിനും രാജ്യം തുടക്കം കുറിച്ചു. ഇസ്രായേൽ മേഖലയെ യുദ്ധഭൂമിയാക്കുന്നു പശ്ചിമേഷ്യയെ രക്തക്കളമാക്കുന്ന ഇസ്രായേലിന്റെ ആക്രമണത്തെയും അമീർ ശക്തമായ ഭാഷയിൽ വിമർശിച്ചു. അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി അമീർ, സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പകരം മനപ്പൂര്‍വം ആസൂത്രിതമായി ആക്രമണം വ്യാപിപ്പിക്കുകയാണ് ഇസ്രായേല്‍ ചെയ്തതെന്ന് കുറ്റപ്പെടുത്തി.
‘ഫലസ്തീന് പ്രശ്നം എക്കാലത്തും ഖത്തറിന്റെ മുന്‍ഗണനയിലുള്ള വിഷയമാണ്. ഗസയിലും വെസ്റ്റ് ബാങ്കിലും ക്രൂരമായ ആക്രമണം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. എല്ലാ മാനവിക മൂല്യങ്ങളും കാറ്റില്‍പറത്തുകയാണ് ഇസ്രായേല്‍. അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വം അവര്‍ മുതലെടുക്കുന്നു. വെസ്റ്റ്ബാങ്കില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് എതിരായ പ്രമേയങ്ങള്‍ എവിടെയുമെത്തിയില്ല. ഇതെല്ലാം ലബനാനിലേക്ക്
കൂടി കടന്നുകയറാന്‍ വഴിയൊരുക്കി. ലബനാനിലെ ഇസ്രായേല്‍ ആക്രമണം പത്ത് ലക്ഷത്തിലേറെ പേരെയാണ് അഭയാര്‍ഥികളാക്കിയത്. സംഘര്‍ഷം പടരുമെന്ന് ഖത്തര്‍ നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ലബനാന് അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കാനുള്ള ഏക മാര്‍ഗം ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കലായിരുന്നു. എന്നാല്‍, ഇസ്രായേല്‍ വെസ്റ്റ് ബാങ്ക് അടക്കമുള്ള ഇതര ഫലസ്തീന് മേഖലകളിലേക്കും ലബനാനിലേക്കും കടന്നുകയറുകയാണ് ചെയ്തത്. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ആക്രമണം വ്യാപിപ്പിക്കാനുള്ള അവസരമായി സാഹചര്യത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു ഇസ്രായേൽ’ -അമീര്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.