ദോഹ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്തു.
പാരിസ് ഒളിമ്പിക്സ് സുരക്ഷിതമാക്കുന്നതിന് ഖത്തറിന്റെ സംഭാവനകൾക്ക് മാക്രോൺ ഖത്തർ അമീറിന് നന്ദി അറിയിച്ചു. ഒളിമ്പിക്സ് ഭംഗിയായി സംഘടിപ്പിക്കാനും വിജയകരമാക്കാനും അമീർ ഫ്രഞ്ച് പ്രസിഡന്റിന് ആശംസ അറിയിച്ചു. ഗസ്സയിലെ ഇസ്രായേൽ അതിക്രമം ഉൾപ്പെടെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ചയായതായി ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
പാരിസ് ഒളിമ്പിക്സിന് സുരക്ഷയൊരുക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. സുരക്ഷ പരിശോധന, ബോംബ് നിർവീര്യമാക്കൽ, പരിക്കേറ്റവരെ പരിചരിക്കൽ തുടങ്ങി വിവിധ കാര്യങ്ങളിൽ ഫീൽഡ് പരിശീലനം ഉൾപ്പെടെ പൂർത്തിയാക്കിയാണ് അമീറിന്റെ ആശീർവാദത്തോടെ ഖത്തർ സംഘം കഴിഞ്ഞ ദിവസം പാരിസിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ഫുട്ബാൾ ലോകകപ്പ് ഭംഗിയായും സുരക്ഷിതമായും സംഘടിപ്പിക്കാൻ കഴിഞ്ഞതാണ് ഫ്രാൻസ്, അമേരിക്ക അടക്കം മുൻനിര രാജ്യങ്ങളെ ഖത്തറിന്റെ സഹായം തേടാൻ പ്രേരിപ്പിച്ചത്. അടുത്ത ഫുട്ബാൾ ലോകകപ്പിന് അമേരിക്ക ഖത്തറിന്റെ സഹായം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.