ദോഹ: 2022ൽ ഖത്തർ ആതിഥ്യം വഹിക്കുന്ന മിഡിലീസ്റ്റിലെ പ്രഥമ ലോകകപ്പ് ഫുട്ബാൾ അറബ് മേഖലയുടെ വാർപ്പ്മാതൃകകളെ മാറ്റിമറിക്കുന്നതായിരിക്കുമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ കായിക മേഖലയുടെ കഴിവ് പ്രധാനപ്പെട്ടതാണെന്നും ഫുട്ബാളിനാണ് ഇക്കാര്യത്തിൽ കൂടുതൽ സംഭാവന ചെയ്യാൻ സാധിക്കുകയെന്നും ഹസൻ അൽ തവാദി പറഞ്ഞു. ജനീവയിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി സംഘടിപ്പിച്ച സോഷ്യൽ ഫോറം 2018ൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ നാല് വർഷം കൂടുമ്പോഴും ലോകത്തിെൻറ ഭാഷയായി ഫുട്ബാൾ മാറുന്നുവെന്നും ഈ വർഷം റഷ്യയിൽ നടന്ന ലോകകപ്പിലേക്ക് തിരിഞ്ഞത് 340 കോടി ജനങ്ങളാണെന്നും ലോക ജനസംഖ്യയുടെ പകുതിയോളം വരുമിതെന്നും അൽ തവാദി ചൂണ്ടിക്കാട്ടി. ലോകകപ്പ് പോലെ മറ്റൊരു കായിക ചാമ്പ്യൻഷിപ്പിനും ഇതുപോലെ ജനശ്രദ്ധ ആകർഷിക്കാനും ഒരുമിപ്പിക്കാനും സാധിക്കുകയില്ല.മേഖലയിലെ ജനങ്ങളുടെ ജീവിതനിലവാരത്തിൽ കാതലായ മാറ്റം വരുത്തുന്നതായിരിക്കുംഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ചലഞ്ച് 22, ജനറേഷൻ അമേസിംഗ്, ജുസൂർ ഇൻസ്റ്റിറ്റ്യൂട്ട് ആൻറ് ദി അക്സസബിലിറ്റി ഫോറം തുടങ്ങി എന്നെന്നും നിലനിൽക്കുന്ന വ്യത്യസ്തമായ സാമൂഹിക വികസന പരിപാടികളാണ് സുപ്രീം കമ്മിറ്റി മുഖേന നടക്കുന്നതെന്നും മേഖലയുടെ സാമൂഹിക, സാമ്പത്തിക വളർച്ചക്ക് പുറമേ, ശോഭനമായ ഭാവി പടുത്തുയർത്താൻ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ ഇതിനാകുമെന്നും ഹസൻ അൽ തവാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.