ദോഹ: മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന് ഇനി 836 ദിവസങ്ങൾ ബാക്കിയിരിക്കെ ആതിഥേയരെന്ന നിലയിൽ ലോകകപ്പിൽ ആദ്യമായി പന്തു തട്ടാനൊരുങ്ങുകയാണ് ഖത്തറെന്ന ചെറിയ 'വലിയ' രാജ്യം. നിരവധി സവിശേഷതകളാൽ ചരിത്രത്തിലിടംപിടിക്കാനിരിക്കുന്ന ലോകകപ്പിെൻറ ആതിഥേയ രാജ്യമാണ് ഖത്തർ. എന്നാൽ, ആതിഥേയ രാജ്യമെന്ന നിലയിൽ അവസരം ലഭിക്കുന്നതിനപ്പുറം നിലവിലെ ഏഷ്യൻ ചാമ്പ്യൻമാരെന്ന തലക്കനവുമായാണ് ഖത്തർ തങ്ങളുടെ ആദ്യ വിശ്വപോരിൽ കളത്തിലിറങ്ങുക. ഖത്തറിൽ എന്നും കായികമേഖലക്ക് മികച്ച അവസരങ്ങളാണുള്ളത്. ലോകോത്തര കായിക സൗകര്യങ്ങളടക്കം രാജ്യത്ത് സജ്ജമാണ്. രാജ്യത്തെ കാൽപന്തുകളിയുടെ വികസനത്തിനും അതിൻെറ വളർച്ചക്കും ഒരുപാട് കഥകൾ പറയാനുണ്ട്.
ചരിത്രം ഇങ്ങനെ
1940കളിലാണ് ഖത്തറിൽ കാൽപന്തുകളി എത്തുന്നത്. ഒരു പതിറ്റാണ്ടിനിടെ ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയൊരുക്കുന്നതിന് കോർണിഷിൽ ദോഹ സ്റ്റേഡിയവും ഉയർന്നു. ഗൾഫ് മേഖലയിലെ തന്നെ ആദ്യത്തെ പുല്ല് പാകിയ ഗ്രൗണ്ട് കൂടിയായിരുന്നു ദോഹ സ്റ്റേഡിയത്തിലേത്. 1962ലാണ് സ്റ്റേഡിയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതെങ്കിലും 1950കളിൽ തന്നെ അമച്വർ മത്സരങ്ങൾക്ക് സ്റ്റേഡിയം വേദിയായിരുന്നു. 1973ൽ ബ്രസീലിലെ സാ േൻറാസ് ക്ലബ് സ്റ്റേഡിയത്തിലിറങ്ങിയതോടെ അന്താരാഷ്ട്ര ഫുട്ബാൾ ഭൂപടത്തിൽ ഖത്തർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. ഫുട്ബാൾ രാജാവ് പെലെയും ബോക്സിങ് ഇതിഹാസം മുഹമ്മദലി ക്ലേയും സാ േൻറാസിനായി കളത്തിലിറങ്ങിയിരുന്നുവെന്നതാണ് മത്സരത്തിെൻറ സവിശേഷത. പെലെ എന്ന കറുത്തമുത്ത് പന്തുകൊണ്ട് അമ്മാനമാടിയത് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾ നിറകൈയോടെ സ്വീകരിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു. ഈ മത്സരത്തിലാണ് പെലെ ആദ്യമായി മഞ്ഞകാർഡ് വാങ്ങിയതെന്നും പറയപ്പെടുന്നു.
1970െൻറ അവസാനത്തിൽ ഇപ്പോൾ ആസ്പയർ സോണിലുള്ള ഖലീഫ രാജ്യാന്തര സ്റ്റേഡിയം ഖത്തർ ദേശീയ ടീമിെൻറ ഹോം സ്റ്റേഡിയമായി ഉയർന്നുവന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയം 2022ലെ സുപ്രധാന മത്സരങ്ങളുടെ വേദി കൂടിയാണ്.
ലോക ഫുട്ബാളിൽ ഖത്തർ ഇതുവരെ
രാജ്യാന്തര ഫുട്ബാൾ രംഗത്ത് 1980 വരെ ഖത്തർ വലിയ നേട്ടങ്ങളൊന്നും കൈവരിച്ചിരുന്നില്ല. എന്നാൽ, 1981ൽ ആസ് ട്രേലിയയിൽ നടന്ന ഫിഫ അണ്ടർ–20 ലോകകപ്പിൽ അട്ടിമറികൾ നടത്തി ഫൈനലിലേക്ക് കുതിച്ചതോടെയാണ് കാൽപന്തുകളിയിൽ ഖത്തറിനെ ലോകം ഉറ്റുനോക്കിത്തുടങ്ങിയത്. ലോക ഫുട്ബാളിലെ അതികായരായ ബ്രസീലിനെ 3– 2നും ഇംഗ്ലണ്ടിനെ 2–1നും തകർത്താണ് ഖത്തർ ഫൈനലിലേക്ക് ചുവടുവെച്ചത്. ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിൽ ഖത്തറിെൻറ ബദർ ബിലാലിെൻറ ബൈസിക്കിൾ കിക്കിലൂടെയുള്ള ഗോൾ താരത്തിെൻറ കരിയറിലെ മികച്ച ഗോൾ കൂടിയായിരുന്നു.
ഖത്തറിെൻറ ഫുട്ബാൾ വളർച്ച അവിടെ തുടങ്ങുകയായിരുന്നു. 1984ൽ ഒളിമ്പിക്സിലേക്കും ഖത്തർ യോഗ്യത നേടി. ഫ്രാൻസിനെ 2–2ന് തളച്ച ഖത്തർ, ഗ്രൂപ് ഘട്ടത്തിൽ പുറത്തുപോയി.1988ൽ ഖത്തർ എ.എഫ്.സി ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പിന് ആദ്യമായി ആതിഥേയരുമായി. നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാനാകാതെ ഖത്തർ പുറത്തായി.
1992ൽ ബാഴ്സലോണയിൽ നടന്ന ഒളിമ്പിക് ഫുട്ബാൾ ടൂർണമെങ്കിൽ ഖത്തർ ക്വാർട്ടർ വരെയെത്തി. അതേവർഷം ദോഹയിൽ നടന്ന ഗൾഫ് കപ്പ് ഫുട്ബാളിൽ ജേതാക്കളായതോടെ ആദ്യ അന്താരാഷ്ട്ര കിരീടവും ഖത്തറിെൻറ ഷോകേസിലെത്തി.
1995ൽ ഫിഫ അണ്ടർ 20 ലോകകപ്പിന് ഖത്തർ വേദിയായി. ഫൈനലിൽ 65,000 കാണികളാണ് അർജൻറീന–ബ്രസീൽ മത്സരം കാണാനെത്തിയത്.
2006ൽ ആദ്യമായി ഏഷ്യൻ ഗെയിംസിന് ആതിഥേയരായ ഖത്തർ, ഫുട്ബാളിൽ സ്വർണം നേടി. ഫൈനലിൽ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തർ കീഴടക്കിയത്. ഇക്കാലയളവിൽ രണ്ട് ഗൾഫ് കപ്പ് കിരീടങ്ങൾ കൂടി ഖത്തർ നേടിയിരുന്നു. 2004ലും 2014ലും.
2010 ഡിസംബർ 10നാണ് ലോകത്തെ ഞെട്ടിച്ച് ഖത്തറെന്ന കൊച്ചു അറബ്, ഇസ്ലാമിക രാജ്യം 2022ലെ ലോകകപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത്.
2014ൽ ഖത്തറിെൻറ യുവനിര എ.എഫ്.സി അണ്ടർ–19 കിരീടവും നേടി. ആസ്പയർ അക്കാദമിയിലൂടെ വളർന്നുവന്ന താരങ്ങളാണ് ഖത്തറിനെ കിരീടനേട്ടത്തിലേക്കെത്തിച്ചത്. ഇവർ മുതിർന്നതോടെ ലോകത്തിലെ തന്നെ മികച്ച താരനിര ഖത്തറിനുണ്ടായി. കിട്ടാക്കനിയായ എ.എഫ്.സി ഏഷ്യൻ കപ്പ് 2019ൽ ഖത്തറിലെത്തുമ്പോഴും ഇവരിലധികപേരും ദേശീയ സീനിയർ ടീമിലും ഇടംപിടിച്ചിരുന്നു.
ലോകകപ്പിന് മുമ്പായി 2019 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന അറേബ്യൻ ഗൾഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്കും ആതിഥേയത്വം വഹിച്ചിരുന്നു. അടുത്ത വർഷം അറബ് രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള പാൻ അറബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിലാണ് ഖത്തർ. ലോകകപ്പ് വേദികളെ ഉൾക്കൊള്ളിച്ച് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ്, ലോകകപ്പിന് മുമ്പായുള്ള ഖത്തറിെൻറ അവസാനഘട്ട പരീക്ഷണ ചാമ്പ്യൻഷിപ്പ് കൂടിയായിരിക്കും.
2022ലാണ് ലോകം കാത്തിരിക്കുന്ന ഫുട്ബാൾ മാമാങ്കം. എട്ടു വേദികളിലായി നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഖത്തറും പന്തുതട്ടും. അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പിന് കിക്കോഫ് വിസിൽ. ഒരു ദിവസം നാലുമത്സരങ്ങളാണ് ഗ്രൂപ് ഘട്ടത്തിൽ നടക്കുക. ഒരു ദിവസം തന്നെ ഒന്നിലധികം മത്സരങ്ങൾ കാണുന്നതിനുള്ള സുവർണാവസരവും ഖത്തർ ലോകകപ്പിൽ ആദ്യമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.