ദോഹ: ദക്ഷിണ കൊറിയയിലെ ഗ്വാങ്ഷൂ ബിനാലെയുടെ 15ാമത് എഡിഷനിൽ പവലിയൻ ഒരുക്കാൻ ഖത്തർ മ്യൂസിയം. സെപ്റ്റംബർ ഏഴിന് ആരംഭിക്കുന്ന കലാ സാംസ്കാരിക പ്രദർശനമായ ബിനാലെയിലെ ഏക അറബ് പവലിയൻ കൂടിയാണ് ഖത്തർ നാഷനൽ മ്യൂസിയം അവതരിപ്പിക്കുന്നത്. ദക്ഷിണ കൊറിയയിലെ ശ്രദ്ധേയമായ ബിനാലെയിൽ ഇതാദ്യമായാണ് ഖത്തർ പങ്കെടുക്കുന്നത്.
‘നോക്ക്, റെയിൻ, നോക്ക്’എന്ന പ്രമേയത്തിലാണ് ഖത്തറിന്റെ പ്രദർശനങ്ങളെത്തുന്നത്. ഖത്തറിൽ നിന്നുള്ള ഏഴ് കലാകാരന്മാരുടെ പുതിയ കലാസൃഷ്ടികളായിരിക്കും പവലിയനിലെ ആകർഷണം. സെപ്റ്റംബർ ഏഴ് മുതൽ ഡിസംബർ ഒന്ന് വരെ ഗ്വാങ്ഷൂ ബാങ്ക് ആർട്ട് ഹാളിൽ ഖത്തർ പവലിയനിൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. കൊടിയ വരൾച്ചയിൽ മഴക്ക് വേണ്ടി നടത്തുന്ന പ്രാർഥനയായ സ്വലാത്തുൽ ഇസ്തിസ്ഖാഅ് (മഴയെ തേടുന്ന നമസ്കാരം) കേന്ദ്രപ്രമേയമാക്കിയാണ് പ്രദർശനമൊരുക്കുന്നത്. അറബ്, ഇസ് ലാമിക സ്വത്വം, ജലം, പൊതു ഇടങ്ങളിലെ സാമുദായിക ഇടപഴകലും അനുഭവങ്ങളും എന്നിവ കലാസൃഷ്ടികളിലൂടെ അവതരിപ്പിക്കും.
ഖത്തറിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും അവയെ സമകാലിക ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും വേണ്ടിയാണ് ഖത്തർ നാഷനൽ മ്യൂസിയം നിലകൊള്ളുന്നതെന്ന് മ്യൂസിയം മേധാവി ശൈഖ് അബ്ദുൽ അസീസ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
പ്രസിദ്ധമായ ഗ്വാങ്ഷൂ ബിനാലെയിലെ പങ്കാളിത്തം അഭിമാനകരമാണെന്നും അവിടെ നമ്മുടെ സംസ്കാരം മുഴുവൻ കലാലോകവുമായും സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളെക്കുറിച്ചുള്ള വരകൾ, മഴയും വരൾച്ചയും ചിത്രീകരിക്കുന്ന ഗ്ലിംപ്സ് ഓഫ് റെയിൻ, മരുഭൂമികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച രണ്ട് ചാനൽ വിഡിയോ ഇൻസ്റ്റലേഷനുകളുമായി പ്ലേസ് ഓഫ് അബാൻഡൻ തുടങ്ങിയ തലക്കെട്ടുകളുൾപ്പെടെ ഏഴ് അധ്യായങ്ങളിലായി കാലാവസ്ഥാ വ്യതിയാനം, മരുഭൂവത്കരണം, അറബ് -ഇസ് ലാമിക പാരമ്പര്യങ്ങളിലെ ജലത്തിന്റെ ആഴത്തിലുള്ള പ്രതീകാത്മകത എന്നിവ പവലിയൻ ഉയർത്തിക്കാട്ടുന്നു.
അബ്ദുറഹ്മാൻ അൽ മുഫ്ത, ഫറാ അൽ സിദ്ദിഖി, ഫാതിമ അബ്ബാസ്, ഗ്വിലോമെ റൗസേരി, നദാ അൽ ഖറാഷി, ഹിന്ദ് അൽ സഅ്ദ്, സാറാ അൽ നഈമി എന്നിവരുടെ സൃഷ്ടികളാണ് ബിനാലെയിൽ കമീഷൻ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.