ദേശീയ വികസന ഫോറത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ
മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ
ആൽഥാനി സംസാരിക്കുന്നു
ദോഹ: രാജ്യത്തിന്റെ വികസനത്തിൽ മികച്ച പങ്കാളികളാകുന്നതിന് സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്ന നിരവധി പദ്ധതികൾ ഖത്തർ തയാറാക്കുന്നതായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. വിവിധ സേവനമേഖലകളില്‍ സ്വകാര്യമേഖലക്ക് കൂടുതല്‍ അവസരം നല്കുന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതായും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുമായും മന്ത്രാലയങ്ങളുമായും അടക്കം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ദേശീയവികസന ഫോറത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.
മൂന്നാം ദേശീയ വികസനനയം (എൻ.ഡി.എസ് 3) നടപ്പാക്കുന്നതിൽ സ്വകാര്യമേഖലക്കുള്ള ഫലപ്രദമായ പങ്കാളിയാകാനുള്ള അവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ വികസന ഫോറം സംഘടിപ്പിച്ചത്.
ഏതൊക്കെ മേഖലയില്‍നിന്നാണ് സര്‍ക്കാര്‍ പിന്മാറി പകരം സ്വകാര്യമേഖലക്ക് അവസരം നല്‍കാനാവുക എന്നതാണ് പരിശോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലക്ക് അവസരം സൃഷ്ടിക്കുന്നതോടൊപ്പം ദേശീയ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
ഖത്തർ ഒരു ചെറിയ രാജ്യമാണ്. സർക്കാറും പൗരന്മാരും, സ്വകാര്യ മേഖലയും ഒരേലക്ഷ്യത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ലക്ഷ്യത്തിലെത്താൻ സാധിക്കുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നമുക്ക് ദേശീയ ചാമ്പ്യൻസ് എന്ന് വിളിക്കാൻ നിരവധി ഉദാഹരണങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളിലൊന്നായ ഖത്തർ എയർവേസ്, ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ഉരീദു, ഖത്തർ നാഷനൽ ബാങ്ക് എന്നീ കമ്പനികൾ അതിൽ ചിലതാണ്. ഈ ഘട്ടത്തിലേക്ക് ഉയരാൻ സ്വകാര്യ മേഖലക്കും എല്ലാ പിന്തുണയും നൽകും -പ്രധാനമന്ത്രി പറഞ്ഞു.
ആഗോള മത്സരത്തിന് സ്വകാര്യമേഖലയെ സജ്ജമാക്കുന്നതിന് നിരവധി മാർഗങ്ങളുണ്ടെന്നും പ്രാദേശിക മൂല്യം വർധിപ്പിച്ച ഖത്തർ എനർജി പദ്ധതി, ധനകാര്യ മന്ത്രാലയത്തിലെ പ്രാദേശികവത്കരണ പരിപാടി എന്നിവ അതിലുൾപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിൽ എന്തുചെയ്യാൻ സാധിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. കുറച്ച് മാസങ്ങളായി മന്ത്രാലയങ്ങൾ ഒരു കൂട്ടം നയങ്ങൾ ആവിഷ്കരിക്കുന്നതിന് ഒരുമിച്ചിരിക്കുകയാണെന്നും വരും വർഷങ്ങളിൽ അതിന്റെ ഫലങ്ങൾ ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.