ദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ 3000 ഫലസ്തീനികളുടെ ശസ്ത്രക്രിയ ഖത്തർ റെഡ്ക്രസന്റിന്റെ സാമ്പത്തിക പിന്തുണയോടെ നടത്തി.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെയായി ഗസ്സയിലെ ഡോക്ടർമാർ വഴി 18927 മെഡിക്കൽ ഇടപെടലുകൾ നടത്തിയതായി ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്) അറിയിച്ചു. ഗസ്സയിലെ ആരോഗ്യ സേവന പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഗസ്സയിലെ വിവിധ ആശുപത്രികളിലായാണ് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതെന്നും ഖത്തർ റെഡ്ക്രസന്റ് വ്യക്തമാക്കി. തൊറാസിക് ശസ്ത്രക്രിയകൾ, അത്യാഹിത-അടിയന്തര മെഡിക്കൽ സേവനങ്ങൾ, സൈക്കോതെറപ്പി സേവനങ്ങൾ, എൻഡോക്രൈൻ രോഗങ്ങൾക്കും പ്രമേഹത്തിനുമുള്ള ചികിത്സ എന്നിവയാണ് റെഡ് ക്രെസന്റ് ഗസ്സയിൽ നൽകിയ പ്രധാന വൈദ്യസേവനങ്ങൾ. തുടർച്ചയായ ആക്രമണങ്ങൾ, അതിർത്തി അടച്ചിടൽ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നീ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഗസ്സ മുനമ്പിലെ ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി ഓഫിസും ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള നിരന്തരമായ ഏകോപനത്തിലൂടെയാണ് സേവനം നൽകാൻ കഴിയുന്നത്.
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ പല ആശുപത്രികളുടെയും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ഇവയിൽ തുടർന്നും ആരോഗ്യ സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ് ഖത്തർ റെഡ്ക്രസന്റ്. മുനമ്പിലെ ആരോഗ്യ മേഖലയുടെ തകർച്ച തടയാനുള്ള തീവ്ര പരിശ്രമങ്ങളിലാണ് തങ്ങളെന്നും ക്യു.ആർ.സി.എസ് പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.