ദോഹ: ഫലസ്തീനിലെ ഗസ്സയിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുമെന്ന് പ്രസിഡൻറ് ശൈഖ് അബ്ദുല്ല ബിൻ ഥാമിർ ആൽഥാനി. ഗസ്സയിലെ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി കാര്യാലയത്തിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ് ശൈഖ് അബ്ദുല്ല ഥാമിർ ആൽഥാനിയുടെ പ്രതികരണം. ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗസ്സയിലെ റെഡ്ക്രസൻറ് കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച എല്ലാ സഹപ്രവർത്തകർക്കും റെഡ്ക്രസൻറ്, റെഡ്േക്രാസ് മേധാവികൾക്കും ദേശീയ പ്രസ്ഥാനങ്ങൾക്കും പ്രാദേശിക, അന്തർദേശീയ സംഘടനകൾക്കും വ്യക്തികൾക്കും നന്ദി അറിയിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും ശൈഖ് അബ്ദുല്ല ആൽഥാനി ട്വീറ്റ് ചെയ്തു. വിവിധ ആക്രമണങ്ങളിൽ പരിക്കേറ്റവർക്കും ഇരകളായവർക്കും ഭക്ഷണ വിതരണം നടത്തുന്നതും അവശ്യസാധനങ്ങൾ എത്തിക്കുന്നതും കേടുപാടുകൾ വിലയിരുത്തുന്നതടക്കമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ഗസ്സയിലെ ഖത്തർ റെഡ്ക്രസൻറ് കാര്യാലയത്തിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ റെഡ്േക്രാസ് അന്താരാഷ്ട്ര സമിതി ഡയറക്ടർ ജനറൽ റോബർട്ട് മാർഡിനി നടുക്കം രേഖപ്പെടുത്തി. മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു.
ഫലസ്തീൻ അഭയാർഥികളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള യു.എൻ റിലീഫ് വർക്സ് ഏജൻസിയും ആക്രമണത്തെ അപലപിക്കുകയും ഖത്തർ റെഡ്ക്രസൻറിന് പിന്തുണയുമായി രംഗത്തു വരികയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.