ദോഹ: റമദാനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടര ലക്ഷം പേരിലേക്ക് ഭക്ഷ്യ വിഭവങ്ങളെത്തിച്ച് ഖത്തർ റെഡ് ക്രസന്റ്. റമദാനിൽ നടപ്പാക്കുന്ന വിവിധ ജീവികാരുണ്യ പദ്ധതികളുടെ തുടർച്ചയായാണ് ഖത്തർ റെഡ് ക്രസന്റിന്റെ നിലക്കാത്ത സഹായം. 18 രാജ്യങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ അവിടങ്ങളിലെ പ്രാദേശിക ഭക്ഷണമാണ് ഇഫ്താർ വിതരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അൽബേനിയയിൽ 20,000 ഡോളർ വകയിരുത്തി നടപ്പാക്കിയ പദ്ധതിയിലൂടെ അഞ്ഞൂറ് കുടുംബങ്ങൾ ഗുണഭോക്താക്കളായതായി ഖത്തരി ചാർജ് ഡി അഫേഴ്സ് അബ്ദുൽ അസീസ് മുഹമ്മദ് അൽ സഹ്ലി പറഞ്ഞു. അൽബേനിയൻ റെഡ്ക്രോസിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കിയത്.
ലബനാനിൽ ദരിദ്രരും അഗതികളുമായ കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് 2668 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. മൈദ, അരി, പഞ്ചസാര, സസ്യ എണ്ണ, കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം, ഈന്തപ്പഴം തുടങ്ങി 66.5 കിലോഗ്രാം ഭക്ഷ്യവസ്തുക്കളടങ്ങിയ വലിയ പാക്കറ്റുകളാണ് വിതരണം ചെയ്യുന്നത്.
360,000 ഡോളർ ചെലവിൽ ജുബാലാൻഡിലും കിസ്മയോ ക്യാമ്പുകളിലും ബനാദിറിലെ വിദൂര ക്യാമ്പുകളിലുമായി പദ്ധതി 27000ലധികം ആളുകളിലേക്ക് എത്തിക്കാനാണ് ഖത്തർ റെഡ്ക്രസന്റിന്റെ ശ്രമം.
കിസ്മയോയിലെ വിദൂര ക്യാമ്പിൽ ആദ്യ ബാച്ചിൽ അയ്യായിരത്തിലധികം പേർക്ക് 800ലേറെ ഭക്ഷണ പാക്കുകൾ വിതരണം ചെയ്തതായി ക്യു.ആർ.സി.എസ് അറിയിച്ചു.
അഫ്ഗാനിസ്താനിൽ ഖത്തർ റെഡ്ക്രസന്റിന് കീഴിൽ ആദ്യഘട്ട ഇഫ്താർ പദ്ധതി പൂർത്തിയാക്കി. ഇറാഖിൽ അവിടത്തെ റെഡ്ക്രസന്റും ബർസാനി ചാരിറ്റി ഫൗണ്ടേഷനുമായി സഹകരിച്ച് വിതരണം നടന്നു. യമനിൽ ലാഹിജ്, അബ്യാൻ, തൈസ്, ഏദൻ, സൻആ എന്നിവിടങ്ങളിലായി 42000 പേരാണ് റമദാൻ ഇഫ്താർ പദ്ധതിയിലൂടെ ഗുണഭോക്താക്കളാകുന്നത്.
ബംഗ്ലാദേശിലും ജിബൂതിയിലും ഖത്തർ റെഡ്ക്രസന്റിന്റെ ഇഫ്താർ പദ്ധതി തുടരുകയാണ്. ക്യു.ആർ.സി.എസിന്റെ ഇഫ്താർ പദ്ധതിയിലേക്കുള്ള സംഭാവനകൾ വെബ്സൈറ്റ് വഴി നൽകാമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.