ദോഹ: ഫലസ്തീൻ, നൈജർ, യമൻ, ബംഗ്ലാദേശ്, സിറിയ, ലബനാൻ, അഫ്ഗാനിസ്താൻ, ജോർഡൻ, സുഡാൻ, സോമാലിയ, ഇറാഖ് തുടങ്ങി 11 രാജ്യങ്ങളിൽ ഒരു ദശലക്ഷത്തോളം രോഗികൾക്ക് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി സാന്ത്വന സ്പർശം.
ഖത്തർ റെഡ്ക്രസന്റ് പുറത്തിറക്കിയ അന്താരാഷ്ട്ര പ്രോജക്ട് ഗൈഡ് അനുസരിച്ച് നടപ്പാക്കുന്ന 76 ആരോഗ്യ പദ്ധതികൾക്കായി 6.2 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്. ശസ്ത്രക്രിയകളും ചികിത്സയും, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുക, ആരോഗ്യ സ്ഥാപനങ്ങളുടെ പുനരധിവാസവും നിർമാണവും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കിയാണ് പദ്ധതി നടപ്പാക്കുകയെന്നും മാർഗരേഖയിൽ പറയുന്നു.
അതേസമയം, കഴിഞ്ഞ ആറുമാസത്തിനിടെ ഗസ്സയിലെ ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി നിയമിച്ച ഇന്റർവെഷൻഷനൽ റേഡിയോളജിസ്റ്റ് ഡോ. ബാസൽ ഔദക്കുകീഴിൽ ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിൽ 114 ശസത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. ഗസ്സ ആശുപത്രികളിൽ ഈയിടെ അവതരിപ്പിച്ച ഇന്റർവെൻഷനൽ റേഡിയോളജി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയകൾ നടത്തിയത്. തെക്കൻ ഗസ്സയിലെ നാസർ മെഡിക്കൽ കോംപ്ലക്സിൽ ആദ്യമായി നടത്തിയ ലാപ്രോസ്കോപിക് ലിത്തോട്രിപ്സിയും സിസ്റ്റിക് ഡക്ട് കത്തീറ്ററൈസേഷനും ഇതിലുൾപ്പെടും.
വൃക്ക/മൂത്രാശയ കത്തീറ്ററൈസേഷൻ, സങ്കീർണമായ ബയോപ്സികൾ, സർജിക്കൽ ഡ്രെയിനേജ് എന്നിവയുൾപ്പെടെ നോൺവാസ്കുലാർ ഇന്റർവെൻഷനൽ നടപടിക്രമങ്ങളിലാണ് ഡോ. ഔദയുടെ പ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫലസ്തീനിലെ രോഗികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തി ഗസ്സയിലെ നിർധനരായ രോഗികൾക്കുള്ള പ്രത്യേക ശസ്ത്രക്രിയാ പ്രവർത്തനങ്ങൾ എന്ന സംരംഭത്തിനുകീഴിലാണ് ഈ ഇടപെടലുകൾ. 2022ൽ ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി നടപ്പാക്കിയ ആരോഗ്യ പദ്ധതികൾക്കായി 12.89 കോടി റിയാലാണ് ആകെ ചെലവഴിച്ചത്.
മെഡിക്കൽ വാഹനങ്ങൾ, വിദേശത്തുള്ള രോഗികളുടെ ചികിത്സ, പ്രാഥമിക-ദ്വിതീയ ആരോഗ്യ പരിപാലന സേവനങ്ങൾ, ആരോഗ്യ വിദ്യാഭ്യാസം, കോവിഡ് ചികിത്സ, പ്രതിരോധ പോഷകാഹാരം, മൊബൈൽ മാനസികാരോഗ്യ ക്ലിനിക്കുകൾ, മരുന്നുകളും പ്രഥമശുശ്രൂഷ കിറ്റുകളുടെ വിതരണവും, ശിശുക്കൾക്ക് നേരത്തെയുള്ള ശ്രവണ ഇടപെടൽ, മെഡിക്കൽ വിദഗ്ധരുടെ റിക്രൂട്ട്മെന്റും പരിശീലനവും, ആരോഗ്യ സൗകര്യങ്ങളുടെ നിർമാണവും പുനരധിവാസവും, വാക്സിനേഷൻ കാമ്പയിൻ, ഡയാലിസിസ്-കാൻസർ രോഗികളുടെ ചികിത്സ, ആംബുലൻസ് വാഹനങ്ങൾ, വികലാംഗർക്കുള്ള പുനരധിവാസ തെറപ്പി എന്നിവയുൾപ്പെടുന്ന ആരോഗ്യ പദ്ധതികളാണ് ഖത്തർ റെഡ്ക്രസന്റ് നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.