ദോഹ: ഗസ്സയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി. വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഫലസ്തീനി ജനതയുടെ ജീവിതനിലവാരം മെച്ചെപ്പെടുത്തുന്നതിന്റെ ഭാഗമായി 40,000ത്തോളം പേർക്ക് ആശ്വാസമാവുന്ന ജലപദ്ധതി പൂർത്തിയാക്കി. ദെയർ അൽ ബലാഹ്, ബൈത് ഹനൂൻ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ കുഴൽക്കിണറുകളും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കുടിവെള്ള വിതരണ സംവിധാനങ്ങളും പൂർത്തിയാക്കി. മേഖലയിലെ ജനങ്ങളുടെ ജല ആവശ്യം പൂർത്തിയാക്കാൻ ഉതകുന്നതാണ് പദ്ധതികൾ.
215 സോളാർ പാനലുകളും മൂന്ന് കുഴൽക്കിണറുകളും ഉൾപ്പെടെ 17 ലക്ഷം റിയാലിന്റെ പദ്ധതിയാണ് ബൈത് ഹനൂൻ നഗരസഭക്കു കീഴിലായി പൂർത്തിയാക്കിയതെന്ന ഖത്തർ റെഡ് ക്രസൻറ് ഗസ്സ ഓഫിസ് മേധാവി ഡോ. അക്രം നാസർ പറഞ്ഞു. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സഹായിക്കുന്നതാണ് സോളാർ പദ്ധതി. 12 മണിക്കൂറിലേറെ വൈദ്യുതി വിതരണത്തിന് സോളാർ സംവിധാനം സഹായിക്കും. 30,000 പേർക്ക് വെള്ളം ലഭ്യമാക്കും.
10,000ത്തോളം ജനങ്ങൾക്ക് വെള്ളം എത്തിക്കുന്നതാണ് ദെയർ അൽബലാഹിലെ പദ്ധതിയെന്ന് വാട്ടർസർവിസ് ഡയറക്ടർ എഞ്ചി. റദ്വാൻ കരീം വിശദീകരിച്ചു.
17 വർഷമായി ഉപരോധത്തിൽ ജീവിതം ദുസ്സഹമായി ഗസ്സയിൽ നിരവധി ഊർജ പദ്ധതികളും കുടിവെള്ള, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ഖത്തർ റെഡ്ക്രസൻറ് പൂർത്തിയാക്കുന്നത്. ആശുപത്രികൾ, യൂനിവേഴ്സിറ്റി, വീടുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ സൗരോർജ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.