ദോഹ: സുഡാനിലെ മാനുഷിക സാഹചര്യങ്ങളിൽ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദശലക്ഷം ഡോളർ അനുവദിച്ചതായി ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി. സുഡാൻ ആരോഗ്യ മന്ത്രാലയം, സുഡാനീസ് റെഡ്ക്രസന്റ് സൊസൈറ്റി എന്നിവരുമായി സഹകരിച്ച് സുഡാനിലെ 17,000 കുടുംബങ്ങളിലെ 117,000 ആളുകൾക്ക് ആവശ്യമായ പിന്തുണ നൽകുകയാണ് അടിയന്തര ദുരിതാശ്വാസ ഇടപെടലുകളിലൂടെ ലക്ഷ്യമിടുന്നത്.
ഭക്ഷ്യേതര ദുരിതാശ്വാസ മേഖലക്ക് പുറമേ, ആരോഗ്യം, പോഷകാഹാരം, വെള്ളം, ശുചിത്വം, പാർപ്പിടം എന്നീ മേഖലകളിലായി ആറ് മാസത്തെ അടിയന്തര പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി അറിയിച്ചു. അതേസമയം, സുഡാനിലെ ഖത്തർ റെഡ്ക്രസന്റിന്റെ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ദോഹയിൽ നിന്നും അടിയന്തര മാനുഷിക സഹായ സാമഗ്രികളുമായി ഒരു വിമാനം സുഡാൻ വിമാനത്താവളത്തിലെത്തിയതായി ക്യു.ആർ.സി.എസ് വ്യക്തമാക്കി.
സുഡാനിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഇബ്രാഹിം അൽ സാദ, ക്യു.ആർ.സി.എസ് റിലീഫ് ആൻഡ് ഇന്റർനാഷനൽ ഡെവലപ്മെന്റ് സെക്ടർ മേധാവി ഡോ. മുഹമ്മദ് സലാ ഇബ്രാഹിം, സുഡാൻ റെഡ്ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് എന്നിവർ ചേർന്ന് അടിയന്തര സഹായവുമായെത്തിയ വിമാനത്തെ സ്വീകരിച്ചു.
സുഡാനിലെ ഗെസിറ മേഖലയിൽ ദുരിതബാധിതർക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്ത് തുടർച്ചയായ മൂന്നാം ദിവസവും സഹായവിതരണം തുടർന്നുവെന്ന് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി. ഗെസിറ സംസ്ഥാനത്തെ റിഫ നഗരവും അൽ ഹസഹൈസ നഗരത്തിലെ അഞ്ച് ഷെൽട്ടറുകളും ഇതിലുൾപ്പെടും. 650ഓളം വ്യക്തികളുൾപ്പെടുന്ന ഈ കേന്ദ്രങ്ങളിലെ 95 കുടുംബങ്ങൾക്കുള്ള പിന്തുണയും ഈ സഹായവിതരണത്തിലുൾപ്പെടും. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ വിവിധ മൂന്നു ഘട്ടങ്ങളിലായി 300ൽ ഏറെ ഖത്തർ റസിഡന്റുമായാണ് സുഡാനികളെ ദോഹയിലെത്തിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.