ദോഹ: ഗസ്സയിൽ ഖത്തർ നിർമിച്ച ശൈഖ് ഹമദ് ആശുപത്രിക്കെതിരെ ഇസ്രായേൽ അധിനിവേശ സേന ഉന്നയിച്ച ആരോപണങ്ങളെ തള്ളി ഗസ്സ പുനർനിർമാണ കമ്മിറ്റി ചെയർമാൻ. ആശുപത്രി കെട്ടിടത്തിന് അടിയിലായി ഭൂഗർഭ തുരങ്കങ്ങൾ ഉണ്ടെന്നായിരുന്നു ഇസ്രായേൽ സൈനിക വക്താവ് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചത്.
എന്നാൽ, ഗസ്സയിലെ നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സിവിലിയന്മാർക്കും ആശുപത്രികൾ, സ്കൂൾ, അഭയാർഥി ക്യാമ്പുകൾ തുടങ്ങിയ ഇടങ്ങളിലും വ്യോമാക്രമണം നടത്തി നിരപരാധികളെ കൊന്നൊടുക്കുന്ന അധിനിവേശ സേന കൃത്യമായ തെളിവുകളോ അടിസ്ഥാനമോ ഇല്ലാതെയാണ് ആശുപത്രികൾക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് ഗസ്സ പുനർനിർമാണ കമ്മിറ്റി ചെയർമാൻ കൂടിയായ അംബാസഡർ മുഹമ്മദ് അൽ ഇമാദി വ്യക്തമാക്കി.
സാധാരണക്കാരെ ഉന്നംവെച്ചുള്ള ആക്രമണങ്ങള്‍ക്കുള്ള ന്യായീകരണമാണ് ഇത്തരം ആക്ഷേപങ്ങൾ. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് തീര്‍ത്തും സുതാര്യമായാണ് ഗസ്സയിലെ ആശുപത്രി നിര്‍മിച്ചത്. കെട്ടിടത്തിന് ഇസ്രായേലിന്റെ അനുമതിയും ലഭിച്ചിരുന്നു. ഒരു അടിസ്ഥാനവുമില്ലാതെയാണ് ഇസ്രായേല്‍ ആക്ഷേപം ഉന്നയിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്കുമേല്‍ ബോംബിടാന്‍ ഇതൊരു ന്യായമായി ഉപയോഗിക്കരുത്.
ആശുപത്രികള്‍ക്കും ആംബുലന്‍സുകള്‍ക്കും നേരെ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്നും മുഹമ്മദ് അല്‍ ഇമാദി ആവശ്യപ്പെട്ടു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റാണ് ആയിരങ്ങള്‍ക്ക് ആശ്രയമായ ഗസ്സയിലെ ശൈഖ് ഹമദ് ആശുപത്രി നിര്‍മിച്ചത്. 2019ലാണ് ഗസ്സയിലെ ആദ്യ പ്രോസ്തെറ്റിക് സ്പെഷലിസ്റ്റ് ആശുപത്രിയായി നിർമിച്ച ഈ ആതുരാലയം ഉദ്ഘാടനം ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.