ദോഹ: ജയത്തോടെ അൽ അറബിയും അൽ സദ്ദും ക്യു.എൻ.ബി ഖത്തർ സ്റ്റാർസ് ലീഗ് ഫുട്ബാളിൽ കിരീടപ്രതീക്ഷ നിലനിർത്തി. പൊരുതിക്കളിച്ച അൽ ഷമാലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ അൽ അറബി 13 കളികളിൽ 28 പോയന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
32 പോയന്റുള്ള അൽ ദുഹൈലാണ് ഒന്നാമത്. ഥാനി ബിൻ ജാസിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ സദ്ദ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അൽ ഗറാഫയെ കീഴടക്കി.
സിറിയൻ സ്ട്രൈക്കർ ഉമർ അൽ സോമയുടെ ഗോളിലാണ് അൽ അറബി വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കിയത്. അൽ വക്റയുടെ ജാസിന്റോ ഡാലക്കൊപ്പം ഒമ്പതു ഗോളുമായി ലീഗിലെ ഗോൾവേട്ടക്കാരിൽ സോമ രണ്ടാമതാണിപ്പോൾ. പത്തു ഗോൾ നേടിയ അൽ ദുഹൈലിന്റെ മൈക്കൽ ഒലുംഗയാണ് നിലവിൽ ടോപ്സ്കോറർ സ്ഥാനത്തുള്ളത്.
അൽ സദ്ദിനുവേണ്ടി ബാഗ്ദാദ് ബൂനെജ രണ്ടുതവണ വല കുലുക്കിയപ്പോൾ ഒരു ഗോൾ ഗ്വില്ലർമേ ടോറസിന്റെ ബൂട്ടിൽനിന്നായിരുന്നു. പെഡ്രോ മിഗ്വലിന്റെ ക്രോസിൽ ഹെഡറുതിർത്താണ് ബൂനെജ എട്ടാം മിനിറ്റിൽ ടീമിനെ മുന്നിലെത്തിച്ചത്.
26ാം മിനിറ്റിൽ യാസീൻ ഇബ്രാഹിമി നൽകിയ പാസിൽ തകർപ്പൻ ഷോട്ടിലൂടെ അഹ്മദ് അലാഅദ്ദീൻ ഗറാഫയെ ഒപ്പമെത്തിച്ചു. എന്നാൽ, 56ാം മിനിറ്റിൽ അലി അസദിന്റെ പാസിൽ ബൂനെജയിലൂടെ അൽസദ്ദ് ലീഡ് തിരിച്ചുപിടിച്ചു. ഇഞ്ചുറി ടൈമിലാണ് പെഡ്രോയുടെ ക്രോസിനെ ബൂട്ടിന്റെ മൃദുസ്പർശംകൊണ്ട് ഗ്വില്ലർമേ വലയിലേക്ക് വഴിമാറ്റിയത്.
12 കളികളിൽ 22 പോയന്റുമായി അൽ സദ്ദ് മൂന്നാം സ്ഥാനത്താണിപ്പോൾ. അൽ വക്റയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയ ഖത്തർ സ്പോർട്സ് ക്ലബിനും 22 പോയന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ അൽ സദ്ദിനു പിന്നിലായി നാലാം സ്ഥാനത്താണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.