ഖത്തർ സ്റ്റാർസ് ലീഗ് ഫുട്ബാളിൽ അൽ റയ്യാനെതിരെ വിജയം കുറിച്ച അൽ സദ്ദ് ടീം അംഗങ്ങളുടെ ആഹ്ലാദം
ദോഹ: ഖത്തർ സ്റ്റാർസ് ലീഗിലെ കിരീട പോരാട്ടം ആവേശകരമായ അവസാന ലാപ്പിലേക്ക്. രണ്ട് റൗണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ മുൻനിരയിലുണ്ടായിരുന്ന അൽ ദുഹൈലിനെ പിന്തള്ളി അൽ സദ്ദ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ അൽ സദ്ദ് അൽ റയ്യാനെ 2-1ന് തോൽപിച്ചപ്പോൾ, അൽ ദുഹൈലിന് അൽ ശമാലിനെതിരായ തോൽവി തിരിച്ചടിയായി.
സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 4-0ത്തിനായിരുന്നു ദുഹൈൽ കീഴടങ്ങിയത്. നിലവിൽ 20 കളികളിൽ നിന്ന് അൽ സദ്ദിന് 46ഉം, അൽ ദുഹൈലിന് 44ഉം പോയന്റുകളാണുള്ളത്. രണ്ട് മത്സരങ്ങൾ കൂടി പൂർത്തിയാകുന്നതോടെ സീസൺ അവസാനിക്കും.
നിലവിലെ ലീഗ് ജേതാക്കളായ അൽ സദ്ദിന് കിരീടം നിലനിർത്താനുള്ള അവസരമാണ് ഇതോടെ സ്വന്തമായത്.
ശേഷിക്കുന്ന മത്സരങ്ങളിൽ അൽസദ്ദ് അൽഖോർ എഫ്.സിയെയും, അൽ അഹ്ലിയെയും നേരിടും. അൽ ദുഹൈലിന് അൽ അറബിയും, അൽഖോറുമാണ് എതിരാളികൾ.
നിർണായകമായ മത്സരത്തിൽ അൽ റയ്യാൻ ലീഡ് നേടിയ ശേഷമാണ് അൽ സദ്ദ് തിരിച്ചെത്തിയത്. വിദേശതാരങ്ങളായ ജിയോവനി, റഫ മുയിക എന്നിവർ സദ്ദിനായി ലക്ഷ്യം കണ്ടു.
അവസാന അഞ്ച് മത്സരത്തിൽ അൽ സദ്ദ് വിജയക്കുതിപ്പ് നടത്തിയപ്പോൾ, ദുഹൈലിൽ അഞ്ചിൽ രണ്ട് കളിയിലെ തോൽവി തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.