ദോഹ: വിവിധ മേഖലകളിലെ പ്രവർത്തന മികവിന് 13 ഓളം അന്താരാഷ്ട്ര ബഹുമതികൾ സ്വന്തമാക്കി ഖത്തർ ടൂറിസും. പ്രവർത്തനം ആധുനികവത്കരിക്കുകയും ഡിജിറ്റൽ സേവനങ്ങൾ വിപുലമാക്കുകയും ഉൾപ്പെടെ വൈവിധ്യമാർന്ന സേവനങ്ങൾക്കാണ് 13 അന്താരാഷ്ട്ര ഡിജിറ്റൽ അവാർഡുകൾ നേടിയത്. അടുത്തിടെ തേടിയെത്തിയ വേൾഡ് ബെസ്റ്റ് ടൂറിസം അതോറിറ്റി വെബ്സൈറ്റ്, മിഡിലീസ്റ്റ് ബെസ്റ്റ് ടൂറിസം അതോറിറ്റി വെബ്സൈറ്റ്, വേൾഡ് ട്രാവൽ ടെക് അവാർഡ് എന്നിവ ഉൾപ്പെടെയാണ് 13 അവാർഡുകൾ.
ലോകമെങ്ങുമുള്ള സഞ്ചാരികളിലേക്ക് വിവരങ്ങൾ ലഭ്യമാക്കുക, വിവിധ ഭാഷകളിൽ സേവനങ്ങൾ നൽകുക, പല ചാനലുകൾ വഴി സേവനം നൽകുക എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന സൗകര്യങ്ങളാണ് ഖത്തർ ടൂറിസം ഡിജിറ്റൽ പ്ലാറ്റ്ഫോമിനെ മികച്ചതാക്കുന്നത്. വിസിറ്റ് ഖത്തർ മൊബൈൽ ആപ്ലിക്കേഷനും, വിസിറ്റ് ഖത്തർ വെബ്സൈറ്റും അംഗീകാരങ്ങൾ നേടി. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, അറബിക്, തുർക്കിഷ്, സ്പാനിഷ്, ചൈനീസ് ഭാഗങ്ങളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സേവനം ലഭ്യമാണ്. അടുത്തിടെയാണ് ചൈനീസ് ഭാഷയും പുറത്തിറക്കിയത്. ഇതുവരെ 400ദശലക്ഷം പേരിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ഖത്തർ ടൂറിസത്തിന്റെ വിവരങ്ങളും സേവനങ്ങളും എത്തിയെന്നാണ് കണകുകൾ.
ഇതിനുപുറമെ നിരവധി രാജ്യാന്തര പുരസ്കാരങ്ങളുടെ പട്ടികയിലും നാമനിർദേശങ്ങളിലുമെല്ലാം ഇടംപിടിച്ചു. തങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന സ്വീകാര്യത അഭിമാനകരമാണെന്ന് ഖത്തർ ടൂറിസം സി.ഒ.ഒ ബെർതോൾഡ് ട്രെങ്കൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ ട്രാവൽ ടൂറിസത്തിൽ മുൻപന്തിയിൽ തന്നെയാണ് ഖത്തറിന്റെ സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.