ദോഹ: വിനോദസഞ്ചാരമേഖലയിൽ ഒമാനുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഖത്തർ ടൂറിസം അതോറിറ്റിയിലെ മുതിർന്ന പ്രതിനിധികൾ ഒമാനിലെത്തി. വിസിറ്റർ സോഴ്സ് മാർക്കറ്റ് വൈവിധ്യവൽകരിക്കുന്നതിനുള്ള ഖത്തർ ശ്രമങ്ങളുടെ ഭാഗമായാണ് ഒമാൻ സന്ദർശനം. ഇതുമായി ബന്ധപ്പെട്ട് ഖത്തറും ഒമാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഖത്തർ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം െഡവലപ്മെൻറ് ഓഫീസർ ഹസൻ അൽ ഇബ്രാഹിമിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഒമാനിലെത്തിയത്.
ക്യൂ.ടി.എ പ്ലാനിങ് ക്വാളിറ്റി ഡയറക്ടർ നാസർ അൽ മസ്ലമാനി, ഷെയേഡ് സർവീസ് ഡയറക്ടർ ഉമർ അൽ ജാബിർ, എക്സിബിഷൻ ഡയറക്ടർ അഹ്മദ് അൽ ഉബൈദലി തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഒമാൻ ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി മഇത ബിൻത് സൈഫ് അൽ മഹ്റൂഖിയുമായി കൂടിക്കാഴ്ച നടത്തിയ ഖത്തർ ടൂറിസം അതോറിറ്റി സംഘം, ഒമാൻ ടൂറിസം ഡവലപ്മെൻറ് കമ്പനി, ഒമാൻ കൺവെൻഷൻ ബ്യൂറോ, ഒമാൻ എക്സിബിഷൻ, കൺവെൻഷൻ സെൻറർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു.
മൂന്ന് ദിവസം നീണ്ടുനിന്ന സന്ദർശനത്തിനിടെ ഒമാനി ടൂർ ഓപറേറ്റർമാർക്കുള്ള ഖത്തറിെൻറ ഏറ്റവും പുതിയ ഓഫറുകൾ സംബന്ധിച്ച് ക്യൂ.ടി.എയുടെ സ്വകാര്യമേഖലാ പങ്കാളികളുടെ പ്രത്യേക റോഡ്ഷോയും നടന്നു. ഒമാൻ ടൂറിസം സ്ട്രാറ്റജി 2040ഉം ഖത്തർ നാഷണൽ ടൂറിസം സെക്ടർ സ്ട്രാറ്റജി 2030ഉം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുകയും അനുഭവങ്ങളും വിവരങ്ങളും കൈമാറുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.