ദോഹ: രാജ്യത്തെ വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഖത്തർ ടൂറിസം അവാർഡിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ച് അധികൃതർ. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പുരസ്കാരത്തിന് ലഭിച്ച വലിയ സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി (യു.എൻ ടൂറിസം) സഹകരിച്ച് രണ്ടാം ഖത്തർ ടൂറിസം അവാർഡ് എത്തുന്നത്. വിനോദ സഞ്ചാരമേഖലകളിൽ മികച്ച സേവനങ്ങൾ നൽകിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായിരിക്കും വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങളെന്ന് ഖത്തർ ടൂറിസം അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓൺലൈൻ വഴിയുള്ള അപേക്ഷകൾ ജൂൺ ഒമ്പത് മുതൽ ആരംഭിച്ചു. ആഗസ്റ്റ് എട്ട് വരെ അപേക്ഷ സമർപ്പിക്കാം.
ടൂറിസം മേഖലകളിലെ കമ്പനികൾ, വ്യക്തികൾ, സംരംഭകർ, സ്ഥാപന ഉടമകൾ, തൊഴിലാളികൾ, ഇൻഫ്ലുവൻസേഴ്സ് എന്നിവരെ സവിശേഷമായ പുരസ്കാരത്തിനായി നാമനിർദേശം ചെയ്യാൻ ക്ഷണിക്കുന്നതായി ഖത്തർ ടൂറിസം വിനോദസഞ്ചാര വികസന വിഭാഗം ആക്ടിങ് ചീഫ് ഉമർ അൽ ജാബിർ അറിയിച്ചു. സാംസ്കാരിക പൈതൃകവും, സുസ്ഥിരതയിലും ഊന്നിയ പൊതു-സ്വകാര്യമേഖലകളിലെ വിനോദ സഞ്ചാര വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരമേഖലയുടെ നിലവാരവും മികവും ഉയർത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഏഴ് പ്രധാന കാറ്റഗറികളിലാണ് ഇത്തവണ അവാർഡുകളുള്ളത്. സർവിസ് എക്സലൻസ്, രുചിവൈവിധ്യവുമായി ബന്ധപ്പെട്ട ഗാസ്ട്രോണമിക് എക്സ്പീരിയൻസ്, ഐക്കണിക് അട്രാക്ഷൻസ് ആൻഡ് ആക്ടിവിറ്റീസ്, വേൾഡ് ക്ലാസ് ഇവന്റ്സ്, ഡിജിറ്റൽ ഫൂട്ട് പ്രിൻറ്, സ്മാർട്ട് ആൻഡ് സസ്റ്റയ്നബ്ൾ ടൂറിസം, കമ്യൂണിറ്റി ലീഡർഷിപ്. ആവശ്യമായ രേഖകളും, അനുബന്ധമായുള്ള അഞ്ച് ചോദ്യോത്തരങ്ങളുമായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവിരങ്ങൾ www.qatartourismawards.com.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.