ദോഹ: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് വിദ്യാർഥികളെല്ലാം സ്കൂൾ മുറ്റങ്ങളിലേക്ക് തിരികെയെത്തുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി യുദ്ധവും ദാരിദ്ര്യവും മൂലം പഠനം നിഷേധിക്കപ്പെട്ടവർക്ക് കരുതലായി ഖത്തർ ചാരിറ്റി. ‘അവരുടെ വിദ്യാഭ്യാസത്തിന് മുൻഗണന’ എന്ന പേരിൽ 25 രാജ്യങ്ങളിലായി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.
സ്കൂൾ യൂനിഫോം, ട്യൂഷൻ ഫീസ്, സ്കൂൾ കെട്ടിട നിർമാണം, ഫർണിഷിങ്, സ്കോളർഷിപ് വിതരണം എന്നിവ കൂടാതെ വിദ്യാർഥികളെ സ്പോൺസർ ചെയ്യുന്നത് ഉൾപ്പെടെയാണ് ഖത്തർ ചാരിറ്റി കാമ്പയിൻ. കാമ്പയിന്റെ ഭാഗമായി സൊമാലിയയിൽ പ്രിപ്പറേറ്ററി സ്കൂൾ നിർമിക്കുക, അൽബേനിയയിൽ അൽ ഫജർ സ്കൂളിന് പിന്തുണ നൽകുക, ഘാനയിൽ സ്കോളർഷിപ്പും സ്റ്റുഡന്റ് സ്പോൺസർഷിപ് പദ്ധതിയും നടപ്പാക്കുക.
സിറിയയിൽ വൊക്കേഷനൽ സ്കൂൾ നിർമിക്കുക, ഫലസ്തീനിലെ സർവകലാശാല വിദ്യാർഥികൾക്ക് സ്കോളർഷിപ്, നൈജറിലെ ഒരു സ്കൂളിൽ രണ്ട് അധിക ക്ലാസ് റൂം നിർമാണം തുടങ്ങിയവയും കാമ്പയിന് കീഴിൽ ഖത്തർ ചാരിറ്റി ലക്ഷ്യമിടുന്നു.ഭക്ഷണത്തിനും വസ്ത്രത്തിനുമായി കുട്ടികളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വലിയ വെല്ലുവിളികൾ നേരിടുന്ന നിരാലംബർക്ക് ആശ്രയമാകുകയാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
ഉദാരമതികളുടെ സഹായത്താൽ നടപ്പാക്കുന്ന കാമ്പയിനിലൂടെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കാൻ സാധിക്കാത്ത ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റി കാമ്പയിൻ വലിയ സഹായമാകും. ഫലസ്തീൻ, ഇന്ത്യ, ജോർഡൻ, യമൻ, ലബനാൻ, പാകിസ്താൻ, സിറിയ, ശ്രീലങ്ക, നേപ്പാൾ, തുർക്കിയ, കിർഗിസ്താൻ, സൊമാലിയ, മൊറോക്കോ, മാലി.
ഗാംബിയ, ചാഡ്, സെനഗൽ, ഗാന ഐവറി കോസ്റ്റ്, ജിബൂട്ടി, നൈജർ, ബോസ്നിയ, അൽബേനിയ, കൊസോവോ, തുനീഷ്യ എന്നീ രാജ്യങ്ങളിലാണ് കാമ്പയിൻ പദ്ധതികൾ നടപ്പാക്കുക.വിദ്യാഭ്യാസ ചെലവുകൾ വഹിക്കാൻ ശേഷിയില്ലാത്തവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള കാമ്പയിനിലേക്ക് സംഭാവന നൽകാൻ ഉദാരമതികളോടും മനുഷ്യസ്നേഹികളോടും ഖത്തർ ചാരിറ്റി അഭ്യർഥിച്ചു.
ഖത്തർ ചാരിറ്റി വെബ്സൈറ്റ്, ആപ്ലിക്കേഷൻ, 44920000 ഹോട്ട്ലൈൻ, വാണിജ്യ സമുച്ചയങ്ങളിലേയും മാളുകളിലേയും കലക്ഷൻ പോയന്റ് എന്നിവ വഴിയാണ് സംഭാവന നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.