ദോഹ: പെരുന്നാൾ പിറ്റേന്ന് ഖത്തറിലെത്തുന്ന സന്ദർശകരെ കൈനിറയെ സമ്മാനവുമായി വരവേൽക്കാനൊരുങ്ങി ഖത്തർ ടൂറിസം. വ്യാഴാഴ്ച ദോഹ ഹമദ് വിമാനത്താവളം, അബു സംറ അതിർത്തി എന്നിവ വഴിയെത്തുന്ന യാത്രക്കാർക്ക് ‘ഈദിയ്യ’ സമ്മാനങ്ങളുമായാണ് വരവേൽക്കുന്നതെന്ന് ഖത്തർ ടൂറിസം അറിയിച്ചു. കഴിഞ്ഞ ചെറിയ പെരുന്നാളിന് അവതരിപ്പിച്ച ഗിഫ്റ്റ് പാക്കേജ് പദ്ധതിക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. സമ്മാനങ്ങൾ, വിവിധ സ്ഥാപനങ്ങളിൽനിന്നും ഡിസ്കൗണ്ട് ലഭിക്കുന്ന കോംപ്ലിമെന്ററി വൗച്ചർ ബുക് ലെറ്റ് എന്നിവ അടങ്ങിയതാണ് ഈദിയ്യ ഗിഫ്റ്റ്. ഡെസേർട്ട് ഫാൾ വാട്ടർ ആൻഡ് അഡ്വഞ്ചർ പാർക്ക്, മെഗാ പോളിസ്, കിഡ്സ്മോണ്ടോ തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലെ സന്ദർശനത്തിനുള്ള ഡിസ്കൗണ്ട് ഗിഫ്റ്റ് വൗച്ചറും അടങ്ങിയതാണ് പെരുന്നാൾ സമ്മാനപ്പൊതി.
ജൂൺ 29 മുതൽ ജൂലൈ അഞ്ചു വരെ നീണ്ടുനിൽക്കുന്ന വിവിധ ആഘോഷ പരിപാടികളോടെയാണ് ഖത്തർ ടൂറിസം പെരുന്നാളിനെ വരവേൽക്കുന്നത്. സന്ദർശകർ, സ്വദേശികൾ, പ്രവാസികൾ എന്നിവർക്കെല്ലാം ആസ്വദിക്കാനായി വിവിധ പരിപാടികൾ രാജ്യത്തിന്റെ പലയിടങ്ങളിലായി അരങ്ങേറും.
ലുസൈലിലെ പ്ലെയ്സ് വെൻഡോം,മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിലാണ് ഖത്തർ ടൂറിസം ഈദ് പരിപാടികൾ നടക്കുന്നത്. ജൂൺ 29 മുതൽ ജൂലൈ ഒന്നുവരെ ലുസൈലിലെ പ്ലെയ്സ് വെൻഡോം മാളിൽ കൾചറൽ വർക്ക് ഷോപ് നടക്കും. വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയാണ് പരിപാടികൾ. പ്രാദേശിക കലാകാരന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ശിൽപശാലയിൽ കലാ, സാംസ്കാരിക പ്രകടനങ്ങൾ, പാചകം ഉൾപ്പെടെ നടക്കും. ജൂലൈ അഞ്ചിന് മാൾ ഓഫ് ഖത്തറിൽ വാഇൽ ഫൗറിയുടെ ലൈവ് പ്രോഗ്രാമും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.