ദോഹ: വേനൽക്കാലം ആഘോഷമാക്കാൻ വിസ്മയിപ്പിക്കുന്ന പരിപാടികളുടെ ‘ആക്ഷൻ പാക്കു’മായി ഖത്തർ ടൂറിസം. പ്രധാനമായും രാജ്യത്തെ കുടുംബങ്ങളെ ലക്ഷ്യംവെച്ചുള്ള പരിപാടികളുടെ പട്ടിക മേയ് അവസാനം ഖത്തർ ടൂറിസം പുറത്തുവിടും.
കലാപ്രകടനങ്ങൾ മുതൽ ആവശേകരവും അതിശയിപ്പിക്കുന്നതുമായ വിനോദ പരിപാടികളാണ് വേനലവധിക്കാലത്ത് ഖത്തർ ടൂറിസം അവതരിപ്പിക്കുന്നത്. മേയ് അവസാനത്തോടെ ഖത്തർ ടൂറിസം വേനൽക്കാല പരിപാടികളുടെ സമയക്രമം പ്രഖ്യാപിക്കുമെന്ന് സന്ദർശകർക്ക് ഏറ്റവും മികച്ച അനുഭവങ്ങളുടെ നാളുകളാണ് വരാനിരിക്കുന്നതെന്നും ക്യു.ടി സി.ഒ.ഒ ബെർതോൾഡ് ട്രങ്കൽ പറഞ്ഞു. ആഭ്യന്തരവും അന്തർദേശീയവുമായ നിരവധി വിനോദപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ദോഹയിലും മറ്റുമായി താമസിക്കുന്നവർക്ക് രാത്രിയും പകലുമായി നിരവധി അവസരങ്ങളാണ് തയാറാക്കുന്നത്. കൂടാതെ ഹോട്ടലുകൾക്കുള്ള ആവേശകരമായ ഓഫറുകൾ പ്രഖ്യാപിക്കുമെന്ന് ട്രങ്കൽ വിശദീകരിച്ചു. അയൽരാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളും സന്ദർശകരും വേനൽക്കാലത്ത് കൂടുതലായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വൈവിധ്യമാർന്ന പരിപാടികളാണ് ഈ മാസം ഖത്തർ ടൂറിസത്തിന്റെ സഹകരണത്തോടെ നടക്കുന്നത്. ക്യു.ആർ.എസ് ട്രാക്ക് ചലഞ്ചിന് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചു. മേയ് 19, 26 തീയതികളിലായി രണ്ട് മത്സരങ്ങൾകൂടി ഖത്തർ സ്പോർട്സ് ക്ലബിൽ നടക്കും. മേയ് 15 മുതൽ 18 വരെ നിർമാണ മേഖലയിലെ പുതിയ പ്രദർശനമായ ബിൽഡ് യുവർ ഹോം ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടക്കും.
ഖത്തർ സർവകലാശാലയിൽ ഖത്തർ സി.എസ്.ആർ ഉച്ചകോടി 16 മുതൽ 18 വരെയും ദുഹൈൽ സ്പോർട്സ് ക്ലബിൽ മേയ് 16ന് ഖത്തർ കപ്പ് ഹാൻഡ്ബാൾ ഫൈനലും നടക്കും. ഖത്തറിന്റെ തിമിംഗല സ്രാവുകളെ അറിയുക എന്ന തലക്കെട്ടിൽ മേയ് 18 മുതൽ 31 വരെ അൽ റുവൈസ് തുറമുഖത്ത് പ്രത്യേക പരിപാടിയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.