ദോഹ: ആഗോളാടിസ്ഥാനത്തിൽ സൈബർ സുരക്ഷാ വെല്ലുവിളികൾ വർധിക്കുന്നതിനിടയിലും കഴിഞ്ഞ വർഷം ഖത്തർ തടഞ്ഞത് 23 ദശലക്ഷം സൈബർ സുരക്ഷാ ഭീഷണികൾ. ഖത്തറിന് നേരെയുള്ള സൈബർ ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നതായി സൈബർ സുരക്ഷയിലെ ആഗോളഭീമനായ ട്രെൻഡ് മൈക്രോ അഭിപ്രായപ്പെട്ടു.
ഹാക്കർമാരുടെയും തട്ടിപ്പുകേന്ദ്രങ്ങളുടെയും 23 ദശലക്ഷം ഇലക്ട്രോണിക് ഭീഷണികൾ വിജയകരമായി കണ്ടെത്തുകയും തടയുകയും ചെയ്തതായി ‘സുരക്ഷാ തന്ത്രങ്ങളിലെ പുനർവിചിന്തനം എന്ന തലക്കെട്ടിലുള്ള വാർഷിക സൈബർ സുരക്ഷ റിപ്പോർട്ടിൽ കമ്പനി വെളിപ്പെടുത്തി.
ഡേറ്റാ സെന്ററുകൾ, ക്ലൗണ്ട് കമ്പ്യൂട്ടിങ് പരിസ്ഥിതികൾ, നെറ്റ് വർക്കുകൾ, എൻഡ് പോയന്റുകൾ എന്നിവക്ക് സംരക്ഷണമൊരുക്കുന്നവരാണ് ട്രെൻഡ് മൈക്രോ.
ഖത്തറിന് നേരെയുള്ള സൈബർ ഭീഷണികളിൽ 41 ലക്ഷത്തിലധികം സൈബർ ആക്രമണ ഇ-മെയിലുകളും എട്ട് ദശലക്ഷത്തിലധികം മാൽവെയർ ആക്രമണങ്ങളും ഉൾപ്പെടുന്നുവെന്ന് കമ്പനി വ്യക്തമാക്കി. നാല് ദശലക്ഷത്തിലധികം വ്യക്തികൾക്കും കമ്പനികൾക്കുമാണ് ട്രെൻഡ് മൈക്രോ സംരക്ഷണം നൽകുന്നത്.
ഇത് കൂടാതെ ഏകദേശം 45,000 ഇൻഫിൽട്രേഷൻ ശ്രമങ്ങളും 51 ലക്ഷം ആന്തരികവും ബാഹ്യവുമായ സൈബർ ആക്രമണങ്ങൾ കമ്പനി തിരിച്ചറിയും പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വർഷം മുഴുവൻ സുരക്ഷാവിദഗ്ധർ നേരിടുന്ന പ്രധാന വെല്ലുവിളികളെ അടിവരയിടുന്നതാണ് ട്രെൻഡ് മൈക്രോ പുറത്തുവിട്ട കണക്കുകൾ.
ആഗോളാടിസ്ഥാനത്തിൽ സൈബർ സുരക്ഷാ ഭീഷണി കണ്ടെത്തലുകളിൽ 55 ശതമാനം വർധന റിപ്പോർട്ട് ചെയ്തതായി ട്രെൻഡ് മൈക്രോ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള സൈബർ ഭീഷണികളുടെ വ്യാപ്തിയെ സൂചിപ്പിക്കുന്നതാണ് ഇത്. അതേസമയം, ട്രെൻഡ് മൈക്രോയുടെ സജീവമായ ഇടപെടലുകൾ കാരണം 2022 ബ്ലോക്ക് ചെയ്ത ക്ഷുദ്ര ഫയലുകളുടെ എണ്ണത്തിൽ 242 ശതമാനം വർധന രേഖപ്പെടുത്തി.
സാങ്കേതികവിദ്യ അഭൂതപൂർവമായ വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ അവസരങ്ങളോടൊപ്പം വെല്ലുവിളികളും ഉണ്ടാകുന്നതായി ട്രെൻഡ് മൈക്രോ ഗൾഫ് ആൻഡ് എമർജിങ് മാർക്കറ്റ്സ് മാനേജിങ് ഡയറക്ടർ അസദ് അറബി പറഞ്ഞു. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലെ അപകടസാധ്യതകൾ ഫലപ്രദമായി ലഘൂകരിക്കാനും ഭാവിയിലെ വെല്ലുവിളികളുമായി പൊരുത്തപ്പെടാനും സമഗ്രമായ സുരക്ഷാ കവേറജ്, മൾട്ടി ലയേഡ് പ്രതിരോധ തന്ത്രങ്ങൾ, സംരക്ഷണത്തിന്റെ ഘട്ടങ്ങൾ എന്നിവയുടെ ആവശ്യകത ട്രെൻഡ് മൈക്രോ റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.