ദോഹ: ലോകകപ്പും ഏഷ്യൻ കപ്പും ഉൾപ്പെടെ സീനിയർ താരങ്ങളുടെ വമ്പൻ പോരാട്ടങ്ങൾക്ക് വേദിയായ മണ്ണിൽ യുവ അങ്കത്തിന് ഉജ്ജ്വല തുടക്കം. അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാളിന് തിങ്കളാഴ്ച കിക്കോഫ് കുറിച്ചപ്പോൾ ആതിഥേയരായ ഖത്തർ മിന്നും വിജയത്തോടെതന്നെ തുടങ്ങി. ഗ്രൂപ് ‘എ’യിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്തോനേഷ്യൻ വെല്ലുവിളിയെ 2-0ത്തിന് തകർത്താണ് ഖത്തർ വിജയം കുറിച്ചത്. കളിയുടെ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിൽ ഖാലിദ് അലി സബാഹ് പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ടപ്പോൾ, രണ്ടാം ഗോൾ 54ാം മിനിറ്റിൽ സീനിയർ ടീം അംഗം കൂടിയായ 19കാരൻ അഹമ്മദ് അൽറാവി കുറിച്ചു.
ആദ്യ പകുതിയുടെ ഏറിയ പങ്കും മികച്ച കളിയിലൂടെ എതിരാളികളെ വിറപ്പിച്ച പ്രകടനമായിരുന്നു ഇന്തോനേഷ്യ പുറത്തെടുത്തത്. 45 മിനിറ്റും ഗോൾരഹിതമായി അവസാനിക്കുമെന്നുറപ്പിച്ചിരിക്കെ, വഴങ്ങിയ പെനാൽറ്റി ഖത്തറിന്റെ പത്താം നമ്പറുകാരൻ അൽ വക്റയുടെ ഖാലിദ് അലി സബാഹ് അനായാസം ലക്ഷ്യത്തിലെത്തിച്ചു. തൊട്ടുപിന്നാലെ, പ്രതിരോധ താരം ഇവാൻ ജെന്നർ രണ്ടാം മഞ്ഞകാർഡുമായി പുറത്തായത് ഇന്തോനേഷ്യൻ കളിയുടെ താളം മുറിച്ചു. പത്തിലേക്ക് ചുരുങ്ങിയതോടെ ആക്രമണത്തിന് മൂർച്ച കുറഞ്ഞ ഇന്തോനേഷ്യക്ക് ഒന്നാം പകുതിയിലെ ഏകോപനം കളത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
54ാം മിനിറ്റിൽ ഡി സർക്കിളിന് തൊട്ടുമുന്നിലായി ലഭിച്ച ഫ്രീകിക്കിനെ വില്ലുപോലെ വലയിലേക്ക് പറത്തിയ അൽ റാവിക്ക് പിഴച്ചില്ല. രണ്ടുഗോളുമായി ഖത്തർ ലീഡ് പിടിച്ച് ആദ്യദിനം തങ്ങളുടേതാക്കി. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിറഞ്ഞ ഗാലറിയുടെ സാന്നിധ്യവും ശ്രദ്ധേയമായി. തിങ്കളാഴ്ച വൈകുന്നേരം നടന്ന ആദ്യ മത്സരത്തിൽ ആസ്ട്രേലിയയും ജോർഡനും ഗോളൊന്നും നേടാതെ സമനിലയിൽ പിരിഞ്ഞു. അലകസ്ണ്ടർ പൊപോവിചും നികോളസ് മിലാനോവിചും ജെയ്ക് ഹോൾമാനും ഉൾപ്പെടെ യുവനിര അണിനിരന്ന മത്സരത്തിൽ കടുത്ത ചെറുത്തുനിൽപിലൂടെയായിരുന്നു ജോർഡൻ കളി പൂജ്യത്തിൽ കുരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.