ദോഹ: ലോകകപ്പ് വേളയിൽ ഖത്തറിന്റെ ആകാശത്ത് പഴുതടച്ച സുരക്ഷയൊരുക്കുന്നതിനായി ഖത്തരി അമീരി ഫോഴ്സിന്റെ സ്ക്വാഡ്രൺ ജെറ്റുകൾ പറന്നിറങ്ങി. ഖത്തർ-ബ്രിട്ടൻ ടൈഫൂൺ സ്ക്വാഡ്രൺ സംയുക്ത സേനയുടെ ഭാഗമായ 12 സ്ക്വാഡ്രണിന്റെ ഫൈറ്റർ ജെറ്റുകളാണ് ഞായറാഴ്ച രാത്രി ദുഖാൻ എയർബേസിലെത്തിയത്.
ലോകകപ്പിന് ആകാശ സുരക്ഷയൊരുക്കുന്നതിനായി ഖത്തറും ബ്രിട്ടനും സംയുക്ത സഹകരണ പദ്ധതിയുടെ ഭാഗമായാണ് അത്യാധുനിക ഫൈറ്റർ ജെറ്ററുകൾ അമീരി വ്യോമസേനയുടെ ഭാഗമായെത്തുന്നത്. ചടങ്ങിൽ അമീരി വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. 2018ലാണ് അമീരി ഫോഴ്സും ബ്രിട്ടീഷ് റോയൽ എയർഫോഴ്സും 12 സ്ക്വാഡ്രൺ സംയുക്ത സൈനിക സഹകരണ പദ്ധതി ആരംഭിച്ചത്. പരിശീലനവും ആകാശ നിരീക്ഷണവും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കലും ഉൾപ്പെടെയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് സ്ക്വാഡ്രൺ ഫൈറ്റർ ജെറ്റുകളും ഖത്തറിലെത്തിയത്.
റോയൽ എയർഫോഴ്സും ഖത്തർ അമീരി എയർഫോഴ്സും ചേരുന്ന 12 സ്ക്വഡ്രൺ എന്ന പേരിലറിയപ്പെടുന്ന സംയുക്ത ടൈഫൂൺ സ്ക്വാഡ്രൺ ഖത്തരി ആകാശത്ത് സുരക്ഷവലയം തീർക്കും. രൂപവത്കരണത്തിനുപിന്നാലെ, ബ്രിട്ടനിലും ഖത്തറിലുമായി 12 സ്ക്വാഡ്രൺ ടീം പരിശീലനം നടത്തുകയായിരുന്നു. ഖത്തറിലെത്തുന്ന കളിപ്രേമികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ടൂർണമെൻറ് ആസ്വദിക്കുന്നതിനുമായി ഖത്തർ ആകാശത്ത് സുരക്ഷ ശക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഏതാനും മാസങ്ങൾക്കു മുമ്പായിരുന്നു പോർവിമാന ശ്രേണിയിലെ യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ് വിമാനങ്ങളുടെ ആദ്യ ബാച്ച് ഖത്തറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.