ദോഹ: രണ്ടു മാസം മുമ്പ് ലോകത്തെ അതിശയിപ്പിച്ച് സമാപിച്ച ലോകകപ്പ് ഫുട്ബാളിന് അന്താരാഷ്ട്ര അംഗീകാരമായി ഏറ്റവും മികച്ച സ്പോർട്സ് ടൂറിസം അവാർഡ്. അറബ് യൂനിയൻ ഫോർ ടൂറിസ്റ്റ് മീഡിയയുടെ പുരസ്കാരം ബെർലിനിൽ വ്യാഴാഴ്ച സമാപിച്ച ഐ.ടി.ബി പ്രദർശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. 150ലധികം രാജ്യങ്ങളും 10,000ത്തിലധികം പ്രദർശകരും പങ്കെടുക്കുന്ന ലോകത്തിലെ വലിയ പ്രദർശനങ്ങളിലൊന്നാണ് ഐ.ടി.ബി ബെർലിൻ.
വേൾഡ് ടൂറിസം ഓർഗനൈസേഷൻ, അറബ് യൂനിയൻ ഫോർ ടൂറിസ്റ്റ് മീഡിയ, അറബ് ടൂറിസം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രദർശനത്തിലെ ജോർഡൻ പവിലിയനിൽ നടന്ന ചടങ്ങിൽ ജോർഡൻ ടൂറിസം, പുരാവസ്തു മന്ത്രി മക്റം അൽ ഖൈസിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
അറബ് ടൂറിസം പദ്ധതികളെ പിന്തുണക്കുന്ന മാധ്യമങ്ങളെ ആദരിക്കുന്നതിന് പുറമേ, അറബ് മേഖലയിലെ ടൂറിസം പ്രമോഷൻ, ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ മേഖലയിലെ സർക്കാർ, സ്വകാര്യ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനുള്ള ഉയർന്ന അറബ് അവാർഡുകളാണ് അറബ് ടൂറിസം മീഡിയ അവാർഡുകൾ.
മാൻ ഓഫ് ദ അറബ് ഹെറിറ്റേജ് 2023 അവാർഡ്, 2023ലെ അറബ് ഹെറിറ്റേജ് പേഴ്സനാലിറ്റി അവാർഡ്, സുസ്ഥിര വിനോദസഞ്ചാരത്തിനുള്ള മികച്ച സിറ്റി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇതിലുൾപ്പെടുന്നു. അറബ് ടൂറിസം അതോറിറ്റിയുടെ മികച്ച സി.ഇ.ഒ, അറബ് ടൂറിസം ബോഡികളിലെ മികച്ച വ്യക്തിത്വം, അറബ് ഹോട്ടൽ മാനേജ്മെന്റ്, അറബ് വിനോദസഞ്ചാര കേന്ദ്രം, ടൂറിസം ഫെസ്റ്റിവൽ, ട്രാവൽ ആൻഡ് ടൂറിസം ഏജൻസി എന്നിവക്കും അറബ് യൂനിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അവാർഡ് സമ്മാനിക്കുന്നുണ്ട്.
ചടങ്ങിൽ മാധ്യമപ്രവർത്തനം, റേഡിയോ, ടി.വി മേഖലകൾ ഉൾപ്പെടുന്ന ടൂറിസം മാധ്യമ പുരസ്കാര ജേതാക്കളുടെ പേരുകളും സാമൂഹിക മാധ്യമങ്ങളിലൂടെ സ്വാധീനം ചെലുത്തുന്നവർക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.