ദോഹ: ബംഗ്ലാദേശിൽ റോഹിംഗ്യൻ അഭയാർഥികൾക്കായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ 'വാം വിൻറർ 2021' പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി.
ബംഗ്ലാദേശ് റെഡ്ക്രസൻറ് സൊസൈറ്റിയുമായി സഹകരിച്ച് ക്യു.ആർ.സി.എസിെൻറ ദൗത്യസംഘം പദ്ധതിയുടെ ഭാഗമായി അഭയാർഥികളായ 8150 കുടുംബങ്ങൾക്കായി (42,550 പേർക്ക്) പ്രാദേശിക ഭക്ഷ്യവിഭവങ്ങളടങ്ങിയ പാർസൽ വിതരണം ചെയ്തു. ക്യാമ്പ് 13, ക്യാമ്പ് 14 എന്നിവിടങ്ങളിലെ അഭയാർഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്.
കടുത്ത ശൈത്യത്തിൽ മ്യാന്മറിൽനിന്നുള്ള ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് അഭയാർഥികൾക്ക് ഖത്തർ റെഡ്ക്രസൻറിെൻറ സഹായവിതരണം ഏറെ ആശ്വാസകരമാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഭക്ഷ്യേതര വസ്തുക്കളും തണുപ്പിനെ അകറ്റുന്ന സാമഗ്രികളും വിതരണം ചെയ്യും. ജാക്കറ്റ്, കോട്ടൻ വസ്ത്രങ്ങൾ, വിൻറർ ഷൂസ്, കാലുറ, തൊപ്പി, സ്കാർഫ്, ൈകയുറ, ബ്ലാങ്കറ്റ് എന്നിവയെല്ലാം ഇതിലുൾപ്പെടും.
'അന്തസ്സ് അമൂല്യമാണ്' എന്ന തലക്കെട്ടിലൂന്നിയാണ് ഖത്തർ റെഡ്ക്രസൻറ് 45,270 കുടുംബങ്ങളുടെ ദുരിതമകറ്റുന്നതിനായി പ്രത്യേക വാം വിൻറർ കാമ്പയിനുമായി മുന്നോട്ട് നീങ്ങുന്നത്. സിറിയ, ജോർഡൻ, ഇറാഖ്, യമൻ, ലബനാൻ, ഗസ്സ, ജെറൂസലം, വെസ്റ്റ് ബാങ്ക്, ബംഗ്ലാദേശ്, സുഡാൻ, സോമാലിയ, അഫ്ഗാനിസ്താൻ, കൊസോവോ, ബോസ്നിയ-ഹെർസെഗോവിന, അൽബേനിയ, കിർഗിസ്താൻ തുടങ്ങി 15 രാജ്യങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.