ദോഹ: കോവിഡ് രോഗഭീതി ഒഴിഞ്ഞശേഷം മൂന്നുവർഷത്തെ ഇടവേളക്കുശേഷം രണ്ടാഴ്ച മുമ്പായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ നീക്കിയത്. 2020 ജനുവരി 30നായിരുന്നു ഡബ്ല്യൂ.എച്ച്.ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോവിഡിനെ ഏറ്റവും സമർഥമായി പ്രതിരോധിച്ച രാജ്യം എന്ന മികവ് ഖത്തറിനുണ്ട്.
വെല്ലുവിളികളുടെ കാലം പൂർണമായും നീങ്ങിയ വേളയിൽ കഴിഞ്ഞ മൂന്നുവർഷം ഖത്തറിന്റെ പോരാട്ടത്തിന് നേതൃത്വം നൽകിയവർ കോവിഡ് കാല പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ കീഴിൽ വിദഗ്ധരുടെ സംഘമായിരുന്നു ഖത്തറിന്റെ ചെറുത്തുനിൽപ്പിന് കരുത്തായത്.
സർക്കാർ സമീപനവും ശാസ്ത്രവും സാമൂഹിക പിന്തുണയുമുൾപ്പെടെ നിരവധി ഘടകങ്ങൾ ഖത്തറിന്റെ കോവിഡ് പ്രതിരോധ പദ്ധതികൾ വിജയിപ്പിക്കുന്നതിൽ നിർണായകമായെന്ന് നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ.
ഖത്തറിന്റെ ആരോഗ്യമേഖലയിൽനിന്നുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ മൂന്നുവർഷത്തിലേറെയായി വൈറസിനെ ചെറുക്കുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനുമായി അശ്രാന്തമായി പ്രവർത്തിച്ചുവരുകയാണെന്നും ഈ അർപ്പണബോധമുള്ള ആരോഗ്യപ്രവർത്തകരുടെ പരിശ്രമത്തിനും, എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ഒപ്പംനിന്ന സമൂഹത്തിനും നന്ദി അറിയിക്കുകയാണെന്നും ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു.
പൊതുജനാരോഗ്യ വിഭാഗം സമൂഹമാധ്യമങ്ങളിൽ പുറത്തുവിട്ട പ്രത്യേക വിഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയുടെ മൂന്നു തരംഗങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച രാജ്യത്തെ ആരോഗ്യപ്രവർത്തകരെയും പൊതുജനങ്ങളെയും വിഡിയോയിൽ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
കോവിഡ് അടിയന്തരഘട്ടം കഴിഞ്ഞിരിക്കുകയാണെന്നും കോവിഡ് ഇപ്പോൾ എൻഡെമിക് ആയിരിക്കുന്നുവെന്നും ഡോ. അൽ ഖാൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുകളിലൊന്ന് ഖത്തറിന്റേതാണ്. കോവിഡ് രോഗികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന ഫലപ്രദമായ വൈദ്യപരിചരണവും ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്കും ഖത്തറിനെ കോവിഡ് സൂചകങ്ങളിൽ മുന്നിലെത്തിച്ചു -അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം വിജയിക്കുകയും അടിയന്തരഘട്ടം അവസാനിക്കുകയും ചെയ്തെങ്കിലും വൈറസ് ഇല്ലാതായിട്ടില്ലെന്നും, കോവിഡ് പ്രാദേശികമായിരിക്കുകയാണെന്നും ഭാവിയിൽ ഇവിടെയും ലോകമെമ്പാടും ഇതിന് സ്ഥിരസാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പ്രായമായവർ പ്രത്യേകിച്ചും 60 കഴിഞ്ഞവരും മാറാരോഗങ്ങളുള്ളവരും അപ്ഡേറ്റ് ചെയ്ത ബൈവാലന്റ് കോവിഡ് ബൂസ്റ്റർ സ്വീകരിക്കുന്നതും വൈറസ് സ്ഥിരീകരിച്ചാൽ ചികിത്സ തേടുന്നതും പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പകർച്ചവ്യാധി തടയുന്നതിൽ സമൂഹത്തിന്റെ പങ്ക് നിർണായകമാണെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഖത്തറിന്റെ കോവിഡ് പ്രതിരോധ പദ്ധതിയുടെ വിജയത്തിൽ സമൂഹത്തിലെ ഓരോ അംഗങ്ങളുടെയും പിന്തുണക്കും സഹകരണത്തിനും സംഭാവനക്കും നന്ദി അറിയിക്കുന്നുവെന്നും ഡോ. അൽ മസ്ലമാനി കൂട്ടിച്ചേർത്തു.
കോവിഡിന്റെ തുടക്കത്തിൽ ലോകത്തുള്ള ഏതുരാജ്യത്തെയും പോലെ ഖത്തറും അഭൂതപൂർവമായ ആരോഗ്യപ്രതിസന്ധിയെ അഭിമുഖീകരിച്ചുവെന്നും എന്നാൽ, സമൂഹവുമായി കൈകോർത്ത് നിരവധി സർക്കാർ മേഖലകളുടെ സംയുക്ത സഹകരണത്തോടെയും പരിശ്രമത്തോടെയും കോവിഡിന്റെ വ്യാപനം തടയാനായെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും വൈറസ് വ്യാപനം തടയുന്നതിൽ ഖത്തർ വിജയകരമായ കോവിഡ് തന്ത്രം അവതരിപ്പിച്ചതായും അദ്ദേഹം വിശദീകരിച്ചു.
മഹാമാരിയുടെ തുടക്കം മുതൽ സമൂഹം സഹകരിച്ചിരുന്നു. അണുബാധ നിയന്ത്രണ നടപടികളായ സാമൂഹിക അകലം, കൈ കഴുകൽ, ഒത്തുചേരലുകൾ ഒഴിവാക്കുക, രോഗബാധയുള്ളപ്പോൾ സമ്പർക്കവിലക്കിൽ പോകുക തുടങ്ങിയ അവസ്ഥകളുമായി സമൂഹം വളരെയധികം പൊരുത്തപ്പെട്ടെന്നും അൽ മസ്ലമാനി ചൂണ്ടിക്കാട്ടി.
കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിനോടുള്ള സമൂഹത്തിന്റെ ആരോഗ്യകരമായ സമീപനം വൈറസ് വ്യാപനം തടയുന്നതിനും സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങിയെത്തുന്നതിനും ഖത്തറിനെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
സമഗ്രമായ കോവിഡ് പ്രതിരോധതന്ത്രം അവതരിപ്പിക്കുന്നതിന് സർക്കാർ പങ്കാളികളുമായി ചേർന്നും സമൂഹവുമായി കൈകോർത്തും ആരോഗ്യമേഖല പ്രവർത്തിച്ചതായി പൊതുജനാരോഗ്യ വിഭാഗം മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
ഖത്തറിന്റെ കോവിഡ് തന്ത്രം വിജയിച്ചുവെന്നും രാജ്യത്തെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും സമർപ്പണബോധത്തിനും പ്രതിബദ്ധതക്കും നന്ദി അറിയിക്കുന്നുവെന്നും ആരോഗ്യ സംവിധാനത്തിന്റെ ഉയർന്ന നിലവാരത്തിനും സമീപവർഷങ്ങളിലെ ആരോഗ്യമേഖലയുടെ വളർച്ചക്കും വികാസത്തിനും ഇത് തെളിവാണെന്നും ഡോ. ആൽഥാനി കൂട്ടിച്ചേർത്തു.
കോവിഡ് കേസുകൾ പെരുകിയിട്ടും രാജ്യത്തിന്റെ ആരോഗ്യസംവിധാനം തളർന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടേണ്ട എല്ലാവർക്കും താമസമില്ലാതെ അത് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായിരുന്നു. ലോകത്തിലെ കോവിഡ് മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഖത്തറിനെ മാറ്റുന്നതിൽ ഇത് വലിയ പങ്കുവഹിച്ചു -അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ പി.എച്ച്.സി.സിയിലെ മുഴുവൻ ആരോഗ്യ പരിപാലന പ്രവർത്തകരും ആരോഗ്യ സംരക്ഷണത്തിൽ മുൻനിരയിലായിരുന്നുവെന്ന് പി.എച്ച്.സി.സി ഫാമിലി മെഡിസിൻ സീനിയർ കൺസൽട്ടന്റും ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. സംയ അൽ അബ്ദുല്ല പറഞ്ഞു. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വിഡിയോയിൽ ഖത്തറിന്റെ കോവിഡ് തന്ത്രം വിജയിപ്പിക്കുന്നതിലെ പി.എച്ച്.സി.സികളുടെ പങ്ക് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ.
പുതിയ വകഭേദങ്ങൾ ഉണ്ടാകുമ്പോൾ വിവിധ മേഖലകളിൽ പി.എച്ച്.സി.സി ടീം നിർണായക സാന്നിധ്യമായി രംഗത്തുണ്ടായിരുന്നു. ഒരു സമർപ്പിത കോവിഡ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നതോടൊപ്പം എല്ലാ ആരോഗ്യകേന്ദ്രങ്ങളും പ്രധാന പരിശോധന സൗകര്യമായി പ്രവർത്തിച്ചു. ഓരോ കേന്ദ്രത്തിലും ഒരു ടെസ്റ്റിങ് ക്ലിനിക് സ്ഥാപിച്ചു. ഒന്നിലധികം സ്ഥലങ്ങളിൽ ഡ്രൈവ് ത്രൂ സേവനങ്ങളും അവതരിപ്പിക്കൻ പി.എച്ച്.സി.സിക്ക് സാധിച്ചു.
വെല്ലുവിളി നിറഞ്ഞ ഒമിക്രോൺ തരംഗ വ്യാപനത്തിൽ ലുസൈലിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്റർ അധികശേഷി നൽകുകയും കമ്യൂണിറ്റി ടെസ്റ്റിങ് ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്തതായി അവർ വ്യക്തമാക്കി.
വിജയകരമായ വാക്സിനേഷൻ പ്രോഗ്രാമിൽ പി.എച്ച്.സി.സി നിർണായക പങ്കുവഹിച്ചു. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിനെ രാജ്യത്തെ പ്രധാന വാക്സിനേഷൻ സെന്ററായി മാറ്റി. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ സേവനം ഉറപ്പാക്കി. ഒരുമിച്ചാണ് വെല്ലുവിളികളെ അഭിമുഖീകരിച്ചതും അതിജീവിച്ചതും. മുന്നോട്ടുപോകുമ്പോൾ നമ്മുടെ അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊള്ളണം. അതിലൂടെ സമൂഹത്തിന് ആരോഗ്യകരവും കരുത്തുറ്റതുമായ ഭാവി പടുത്തുയർത്താൻ സാധിക്കും -ഡോ. സംയ അബ്ദുല്ല പറഞ്ഞു.
ലോകത്തിന് മാതൃകയായ ഖത്തറിന്റെ കോവിഡ് വിജയതന്ത്രം
കോവിഡ് തന്ത്രം വിജയിപ്പിക്കുന്നതിൽ ആശുപത്രികളുടെ ശേഷി വിപുലീകരിച്ചത് വലിയ പങ്കാണ് വഹിച്ചതെന്ന് എച്ച്.എം.സി ക്രിട്ടിക്കൽ കെയർ ആക്ടിങ് ചെയർമാൻ ഡോ. അഹ്മദ് അൽ മുഹമ്മദ് പറഞ്ഞു.
മഹാമാരിയുടെ തുടക്കം മുതൽ ആശുപത്രി സംവിധാനത്തിന്റെ എല്ലാ ഭാഗങ്ങളും മികച്ച രീതിയിൽ എല്ലാവരിലേക്കും എത്തുന്നത് ഉറപ്പാക്കാൻ ഒരു ഹെൽത്ത് കെയർ സിസ്റ്റം എന്ന നിലയിൽ കഠിനമായി പ്രവർത്തിച്ചെന്നും, ആരോഗ്യസേവനങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ ലഭിക്കാൻ സൗകര്യപ്പെടുത്തിയതായും ഡോ. അൽ മുഹമ്മദ് കൂട്ടിച്ചേർത്തു.
അക്യൂട്ട് ബെഡ് കപ്പാസിറ്റിയും തീവ്രപരിചരണശേഷി വിഭാഗവും കൂടുതൽ വിപുലീകരിച്ചു. ജീവൻരക്ഷ ചികിത്സ ഉറപ്പാക്കാൻ വളരെ വേഗത്തിൽ അവ നിർവഹിച്ചു.
അതിതീവ്രപരിചരണ വിഭാഗങ്ങളിൽ ഏറ്റവും ഗുരുതരമായ രോഗലക്ഷണങ്ങളുള്ള രോഗികളെ ഫലപ്രദമായി ചികിത്സിക്കാനുള്ള നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ കഴിവ് ഖത്തറിലെ കോവിഡ് മരണനിരക്ക് കുറക്കുന്നതിൽ പ്രധാന ഘടകമായി വർത്തിച്ചതായും അദ്ദേഹം പറഞ്ഞു.
ആശുപത്രി സംവിധാനങ്ങളിലുടനീളം ഐ.സി.യു സംവിധാനം കൂടുതൽ വിപുലീകരിച്ചു. പ്രധാന കോവിഡ് ആശുപത്രിയായി മാറിയ ഹസം മുബൈരീക് ജനറൽ ആശുപത്രിയിൽ, എട്ട് ഐ.സി.യു കിടക്കകൾ കോവിഡ് തന്ത്രത്തിന്റെ ഭാഗമായി 226 കിടക്കകളാക്കി ഉയർത്തിയത് ഇതിന് വലിയ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിലെ ആരോഗ്യപരിപാലന പ്രവർത്തകരുടെ വൈദഗ്ധ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഴിവുകളുടെയും തെളിവാണെന്നും ഡോ. അഹ്മദ് അൽ മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.