ദോഹ: ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കുന്ന ഖത്തറും ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനും വിവിധ മേഖലകളിൽ പരസ്പര സഹകരണത്തിന് ധാരണയായി.
രണ്ടു ദിവസത്തെ സന്ദർശനത്തിന് ഖത്തറിലെത്തിയ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്‍റ് കല്യാൺ ചൗബേയും സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരനും ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ക്യു.എഫ്.എ ഓഫിസിൽ ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ജനറൽ സെക്രട്ടറി മൻസൂർ അൽ അൻസാരിയും പങ്കെടുത്തു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ പുതിയ കമ്മിറ്റി നിലവിൽവന്നശേഷം ഭാരവാഹികളുടെ ആദ്യ വിദേശയാത്രയായിരുന്നു ഖത്തറിലേത്.
വിവിധ മേഖലകളിൽ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രത്തിൽ ഒപ്പുവെച്ചതായി കല്യാൺ ചൗബേ അറിയിച്ചു. ദീർഘകാലത്തേക്ക് ഗുണകരമാവുന്ന വിവിധ വിഷയങ്ങളിൽ ഖത്തർ ഫുട്ബാൾ അസോസിയേഷനുമായി ധാരണയിലെത്തിയതായും സഹകരണത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സന്ദർശനത്തിന്‍റെ ഭാഗമായി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയുമായും കല്യാൺ ചൗബേ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലെ ഫുട്ബാൾ വളർച്ചയും വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഫിഫ പ്രസിഡന്‍റുമായി ചർച്ചചെയ്തു.
താഴേക്കിടയിലെ ഫുട്ബാൾ വളർച്ചക്കുള്ള പദ്ധതികൾ, വനിത-യൂത്ത് ഫുട്ബാൾ പ്രവർത്തനങ്ങൾ എന്നിവ ഫിഫ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഇന്ത്യയുടെ കായികവളർച്ചയിൽ ഫിഫയുടെ പിന്തുണ പ്രധാനമാണ്. ഇന്ത്യൻ ഫുട്ബാളിനെ രാജ്യാന്തര തലത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും ഫിഫയും ഒന്നിച്ച് പ്രവർത്തിക്കും. ഇൻഫന്റിനോയുടെ പിന്തുണയും പ്രോത്സാഹനവും സന്തോഷം നൽകുന്നതാണ്. ഇന്ത്യൻ ഫുട്ബാൾ വളർച്ചയിൽ ഫിഫയുടെ പിന്തുണയോടെ ഒരുപാട് മുന്നേറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു -കൂടിക്കാഴ്ചക്കുശേഷം കല്യാൺ ചൗബേ പറഞ്ഞു.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന അണ്ടർ 17 ലോകകപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകളെക്കുറിച്ചും ഇതുവഴി ഇന്ത്യയിലെ വനിത ഫുട്ബാൾ വികസന പദ്ധതികളും ഫിഫ പ്രസിഡന്‍റ് ചോദിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഒക്ടോബർ 11 മുതൽ 30 വരെയാണ് വനിത ഫുട്ബാൾ ലോകകപ്പിന് മൂന്നു നഗരങ്ങളിലായി ഇന്ത്യ വേദിയൊരുക്കുന്നത്.
ഫിഫയുടെ വിലക്കും സുപ്രീംകോടതി ഇടപെടലും ഉൾപ്പെടെ വിവാദങ്ങൾക്കൊടുവിലാണ് മുൻ ഇന്ത്യൻ ഗോൾകീപ്പർകൂടിയായ കല്യാൺ ചൗബേ എ.ഐ.എഫ്.എഫ് പ്രസിഡന്‍റായി സ്ഥാനമേറ്റത്. തെരഞ്ഞെടുപ്പിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്യുങ് ബൂട്ടിയയെ തോൽപിച്ചാണ് ചൗബേ പ്രസിഡന്‍റായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.