ദോഹ: തുടർച്ചയായ രണ്ടാം വർഷവും മിഡിലീസ്റ്റിലെ ഏറ്റവും മികച്ച ഇസ്ലാമിക് ബാങ്കായി ഖത്തർ ഇസ്ലാമിക് ബാങ്കിനെ (ക്യു.ഐ.ബി) തെരഞ്ഞെടുത്തു. ഫിനാൻഷ്യൽ ടൈംസ് ഗ്രൂപ്പായ ദ ബാങ്കറാണ് ക്യു.ഐ.ബിയെ തെരഞ്ഞെടുത്തത്. ബിസിനസ് വളർച്ച, ഡിജിറ്റൽ സാങ്കേതികവിദ്യയിലെ നൂതനമായ മുന്നേറ്റങ്ങൾ, സാമ്പത്തിക ഉൾപ്പെടുത്തലിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കൽ, സുസ്ഥിര തന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അത് കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങൾ എന്നിവക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.
രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക വായ്പാദാതാവായും ശരീഅക്ക് അനുസൃതമായ ആസ്തികളാൽ മേഖലയിലെ ഏറ്റവും വലിയ വായ്പാദാതാവായും ഖത്തറിലെ ഇസ്ലാമിക ബാങ്കിങ് രംഗത്ത് മുൻപന്തിയിലുള്ള ബാങ്കാണ് ക്യു.ഐ.ബി.
നൂതന സാമ്പത്തിക ആശയങ്ങളോടും ശരീഅഃ അനുസൃതമായ ഓഫറുകളോടുമുള്ള ക്യു.ഐ.ബിയുടെ പ്രതിബദ്ധതക്കും ആദ്യത്തെ ഡിജിറ്റൽ ക്രെഡിറ്റ് കാർഡും നിരവധി പുതിയ ഡിജിറ്റൽ സേവിങ്സ് ആശയങ്ങളും ഉൾപ്പെടെ പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിലെ ശ്രദ്ധേയ റെക്കോഡും മികച്ച ഇസ്ലാമിക ബാങ്ക് എന്ന നേട്ടത്തിൽ നിർണായകമായി. പ്രായപൂർത്തിയാകാത്തവർക്കായി മൊബൈൽ ആപ് വഴി അക്കൗണ്ട് തുറക്കുന്നത് ഡിജിറ്റൽ പയനിയറായ ക്യു.ഐ.ബി ഈയിടെ പ്രവർത്തനക്ഷമമാക്കിയിരുന്നു.
തുടർച്ചയായ രണ്ടാം വർഷവും മിഡിലീസ്റ്റിലെ ഏറ്റവും മികച്ച ഇസ്ലാമിക ബാങ്കെന്ന നേട്ടം ഞങ്ങളുടെ തന്ത്രപരമായ കാഴ്ചപ്പാടിന്റെയും ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെയും തെളിവാണെന്നും നേട്ടത്തിൽ ഏറെ സന്തോഷവും അഭിമാനവും രേഖപ്പെടുത്തുന്നുവെന്നും ക്യു.ഐ.ബി ഗ്രൂപ് സി.ഇ.ഒ ബാസൽ ഗമാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.