എച്ച്.എം.സി കമ്യൂണിക്കബ്​ൾ ഡിസീസ്​ സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്​ലമാനി

ഖത്തറിലെ ഹോം ക്വാറൻറീൻ; നിങ്ങൾ നിരീക്ഷണത്തിലായിരിക്കും 

ദോഹ: വിദേശങ്ങളിൽ നിന്ന്​ ഖത്തറിൽ തിരിച്ചെത്തി വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നവർക്കായി നിർദേശങ്ങളുമായി ഹമദ്​ മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി). ഖത്തറിലേക്ക്​ മടങ്ങുന്നവർക്ക്​ അതത്​ രാജ്യങ്ങളിലെ അക്രഡിറ്റഡ്​ പരിശോധന കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഹോം ക്വാറൻറീൻ മതി. അല്ലെങ്കിലാണ്​ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറ​ൻറീൻ ആവശ്യമായി വരുന്നത്​. കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ യാത്രയുടെ​ 48 മണിക്കൂറിനുള്ളിലുള്ളതാകണം. ഇവർ ഖത്തറിലെത്തിയാൽ ഒരാഴ്​ച ഹോം ക്വാറൻറീനിൽ കഴിയണം. ആറാം ദിനം കോവിഡ്​ പരിശോധന നടത്തി ഫലം പോസിറ്റിവ്​ ആണെങ്കിൽ ഐസോലേഷനിലേക്ക് മാറ്റും​. നെഗറ്റിവ്​ ആണെങ്കിൽ ഇഹ്​തിറാസ്​ ആപ്പിൽ പച്ച നിറം തെളിയും. ഇനി അക്രഡിറ്റഡ്​ കോവിഡ്​ പരിശോധനകേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യത്ത്​ നിന്നാണ്​ വരുന്നതെങ്കിൽ യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ Discover Qatar വെബ്​സൈറ്റിലൂടെ ക്വാറൻറീൻ ഹോട്ടൽ ബുക്ക്​ ചെയ്യുകയാണ്​ വേണ്ടത്​. 

ഇവർ ഖത്തറിലെത്തി സ്വന്തം ചെലവിൽ ഒരാഴ്​ച ഹോട്ടൽ ക്വാറ​ൻറീനിൽ കഴിയണം. ആറാംദിനം ​കോവിഡ്​ പരിശോധന നടത്തും. പോസിറ്റിവ്​ ആണെങ്കിൽ ഐസൊലേഷനിലേക്ക് മാറ്റും​. നെഗറ്റിവ്​ ആണെങ്കിൽ ഒരാഴ്​ച വീണ്ടും ഹോം ക്വാറൻറീനിൽ കഴിയണം. ഈ കാലാവധിയും കഴിഞ്ഞാൽ ഇഹ്​തിറാസ്​ ആപ്പിൽ പച്ച നിറം തെളിയും. അതേസമയം, രോഗികൾക്കും ഗർഭിണികൾക്കും ചെറിയ കുട്ടികളുടെ മാതാക്കൾക്കും ഏത്​ സാഹചര്യത്തിലായാലും ഹോം ക്വാറൻറീൻ മതി. 55 വയസ്സിന് മുകളിലുള്ളവർ, അവയവ മാറ്റ ശസ്​ത്രക്രിയക്ക് വിധേയമായവർ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, കഠിനമായ ആസ്​ത്​മ രോഗികൾ, അർബുദ ചികിത്സയിലുള്ളവർ, ഗർഭിണികൾ, അഞ്ച് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുള്ള മാതാക്കൾ, വൃക്ക സംബന്ധമായ 

രോഗങ്ങളുള്ളവർ, ദൈനംദിന ജീവിതത്തിന് മറ്റുള്ളവരുടെ സഹായമാവശ്യമുള്ളവർ, കരൾ രോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികൾ, അവരുടെ മാതാക്കൾ, 10 ദിവസത്തിനുള്ളിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾ, മാനസികരോഗത്തിന് ചികിത്സ തേടുന്നവർ, പ്രമേഹ രോഗികൾ, ഉയർന്ന രക്തസമ്മർദമുള്ള രോഗികൾ എന്നിവർക്കാണ്​ ഹോം ക്വാറൻറീനിൽ പോകാൻ അനുമതിയുള്ളത്​. കോവിഡ് –19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്ന്​ ഖത്തറിലേക്ക് മടങ്ങിയെത്തി ഒരാഴ്ചക്കാലം വീടുകളിൽ ക്വാറൻറീനിലിരിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ്​ എച്ച്​.എം.സി പറയുന്നത്​. 

എല്ലാ മുൻകരുതൽ നടപടികളും കൃത്യമായി സ്വീകരിക്കണം. ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെ സംയുക്ത നിരീക്ഷണത്തിലായിരിക്കും ഇവർ സമ്പർക്ക വിലക്കിൽ കഴിയുക.

ഇക്കാര്യങ്ങൾ പാലിക്കണം
വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ, സ്വന്തമായി ബാത്ത്​റൂമുള്ള വിശാലമായ റൂമിലാണ് കഴിയേണ്ടത്. കുടുംബത്തിലെ മറ്റു അംഗങ്ങളുമായി ഒരു കാരണവശാലും നേരിട്ട് ഇടപഴകാനോ സന്ദർശകരെ അനുവദിക്കാനോ പാടില്ല. വളർത്തു ജീവികളുമായുള്ള സമ്പർക്കവും പാടില്ല.ഒരിക്കലും വീട്ടിൽ നിന്നു പുറത്ത് ഇറങ്ങരുത്​. മെഡിക്കൽ രംഗത്തെ ഏതാവശ്യങ്ങൾക്കും 999 നമ്പറിൽ ആംബുലൻസ്​ സേവനം തേടാമെന്ന്​ എച്ച്.എം.സി കമ്യൂണിക്കബ്​ൾ ഡിസീസ്​ സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്​ലമാനി പറഞ്ഞു.

സമ്പർക്ക വിലക്കിൽ കഴിയുന്ന വ്യക്തിക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ കുടുംബത്തിലെ ഒരാൾ മാത്രം ചെയ്യുക. സഹായത്തിനെത്തുന്നവർ നിർബന്ധമായും ഫേസ്​ മാസ്​കും കൈയുറയും ധരിച്ചിരിക്കണം. റൂമിൽ നിന്നും പുറത്തിറങ്ങുന്നതോടെ സുരക്ഷിതമായി അവ ഉപേക്ഷിക്കുകയും വേണം. സമ്പർക്ക വിലക്കിലിരിക്കുന്നവരും സഹായിയും തമ്മിൽ 1.5 മീറ്ററെങ്കിലും ശാരീരിക അകലം പാലിച്ചിരിക്കണം. ഹോം ക്വാറൻറീനിലിരിക്കുന്നവർ അടുക്കളയിൽ പ്രവേശിക്കുകയോ ഭക്ഷണം പാകം ചെയ്യുകയോ ചെയ്യരുത്. റൂമിലിരുന്ന് മാത്രം ഭക്ഷണം കഴിക്കണം. മറ്റുള്ളവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല.

ആരോഗ്യകരമായ ഭക്ഷണം കഴിക്കണം, സാധനങ്ങൾ മറ്റുള്ളവരുമായി പങ്കിടരുത്​
ക്വാറൻറീനിൽ കഴിയുന്നവർ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടുതൽ വെള്ളം കുടിക്കണം. മാറാരോഗങ്ങളുണ്ടെങ്കിൽ മരുന്നുകൾ കൈയിൽ കരുതണം. വീട്ടിലെ കുട്ടികളുമായി ഒരിക്കലും ഇടപഴകാതിരിക്കുക. റൂമിൽ തന്നെ അവശിഷ്​ടങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള ചവറ്റുകൊട്ട ഉറപ്പുവരുത്തുക. മതിയായ സമയം വിശ്രമിക്കുക. എപ്പോഴും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. വീട്ടിലുള്ള എല്ലാവരും ശുചിത്വം പാലിക്കുക, നിരന്തരം കൈകൾ അണുമുക്തമാക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും ടിഷ്യൂ ഉപയോഗിച്ച് മൂടണം. ശേഷം അവ സുരക്ഷിതമായി ഉപേക്ഷിക്കുകയും കൈകൾ വൃത്തിയാക്കുകയും ചെയ്യണം.

വീട്ടിലെ പാത്രങ്ങൾ, ഗ്ലാസുകൾ, ബ്രഷുകൾ, വസ്​ത്രങ്ങൾ, തലയിണ, ബെഡ് കവറുകൾ, ടവ്വലുകൾ എന്നിവ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടരുത്. ഉപയോഗശേഷം ചൂടുവെള്ളത്തിൽ സോപ്പുപയോഗിച്ച് വൃത്തിയാക്കുക.ഡോർ ഹാൻഡിലുകൾ, ടോയിലെറ്റുകൾ, ടി വി റിമോട്ട്, മൊബൈൽ ഫോണുകൾ തുടങ്ങി നിരന്തരം സ്​പർശിക്കുന്ന ഭാഗങ്ങൾ എന്നിവ ദിവസം ഒരു തവണയെങ്കിലും അണുമുക്തമാക്കണം.സമ്പർക്ക വിലക്കിൽ കഴിയുന്ന വ്യക്തിയുടെ വസ്​ത്രങ്ങളും മറ്റുള്ളവരുടെ വസ്​ത്രങ്ങളും ഒരിക്കലും കൂടിക്കലരരുത്. വസ്​ത്രം അലക്കുമ്പോൾ സിംഗ്​ൾ യൂസ്​ ​ൈകയുറകൾ മാത്രം ഉപയോഗിക്കുകയും ഉപയോഗശേഷം സുരക്ഷിതമായി ഉപേക്ഷിക്കുകയും ചെയ്യണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.