ദോഹ: പന്തുരുണ്ട് തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ എതിരാളികളെ നിശ്ശബ്ദമാക്കി നേടിയ ഗോളിൽ ലീഡ് പിടിച്ചിട്ടും ഖത്തറിന് ഗൾഫ് കപ്പ് ഫുട്ബാളിൽ ഒമാനെതിരെ അനിവാര്യമായ ജയം നേടാനായില്ല. കുവൈത്തിലെ ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1ന് ഒമാൻ ഖത്തറിനെ വീഴ്ത്തി. കളി ചൂടു പിടിക്കും മുമ്പേ ഇബ്രാഹിം ഹസൻ നൽകിയ ക്രോസിലൂടെ അൽ മുഈസ് അലി ഖത്തറിന്റെ ആദ്യ ഗോൾ നേടിയിരുന്നു. എതിർ പ്രതിരോധ നിര പൊളിച്ചുകൊണ്ട് നേടിയ ഗോൾ അന്നാബികൾക്ക് ആത്മവിശ്വാസവും മേധാവിത്വവുമായി.
എന്നാൽ, ഈ ലീഡിനെ നിലനിർത്താൻ കഴിഞ്ഞില്ല. 18ാം മിനിറ്റിൽ ബോക്സിനുള്ളിൽ വഴങ്ങിയ അനാവശ്യ പെനാൽറ്റിയിൽ ഖത്തർ തിരിച്ചടി നേരിട്ടു. കിക്ക് എടുത്ത ഇസാം അൽ സുബി ടീമിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ മികവോടെ ആക്രമണങ്ങൾന്ന് നേതൃത്വം നൽകിയ ഒമാനെയാണ് കണ്ടത്. ഖത്തറിന്റെ മുന്നേറ്റ നിരയെ പിടിച്ചു കെട്ടിയവർ 52ാം മിനിറ്റിൽ വീണ്ടും സ്കോർ ചെയ്തു. ഇത്തവണ പ്രതിരോധ നിരക്കിടയിലൂടെ ഗോൾ ലൈനിന് സമാന്തരമായെത്തിയ പന്തിനെ ഇസാം സുബി തന്നെ വലയിലേക്ക് തട്ടിക്കയറ്റുകയായിരുന്നു.
ഒരു തോൽവിയും സമനിലയുമായി ഒരു പോയന്റ് മാത്രമുള്ള ഖത്തറിന് ഗ്രൂപ് റൗണ്ട് കടക്കൽ ഇനി വെല്ലുവിളിയാകും. 27ന് കുവൈത്തിനെതിരെയാണ് അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.