ദോഹ: ഖത്തറിൽ തുടങ്ങിയ നോമ്പുമായി നാട്ടിലെത്തി കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി രാജേഷ്. 15 വർഷമായി ഖത്തറിൽ പ്രവാസിയായ രാജേഷിന് ഇത് മുടക്കമില്ലാത്ത 12ാമത്തെ റമദാനാണ്.
2011ൽ കൂടെ താമസിക്കുന്ന മുസ്ലിം സുഹൃത്തുക്കൾക്ക് ഐക്യദാർഢ്യവുമായി തുടങ്ങിയ നോമ്പ്, അടുത്ത വർഷം മുതൽ ശീലമാക്കി. പിന്നീടുള്ള എല്ലാ റമദാനിലും രാജേഷ് നോമ്പുകാരനാണ്. ഇത്തവണയും പതിവു തെറ്റിച്ചില്ല. നോമ്പുകളെല്ലാമെടുത്ത്, ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ രാജേഷ് ഭാര്യ രമ്യക്കും മക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം കരുനാഗപ്പള്ളിയിലെ രാധേയത്തിൽ പെരുന്നാൾ കൂടാനുള്ള ഒരുക്കത്തിലാണിപ്പോൾ.
‘കൂടുതലായും നോമ്പും പെരുന്നാളുമെല്ലാം ഖത്തറിൽ തന്നെയാണ്. എന്നാൽ, നാട്ടിലെത്തിയാൽ വീട്ടുകാർ പിന്തുണയുമായുണ്ടാവും. നോമ്പുതുറ വിഭവങ്ങൾ ഒരുക്കിയും അത്താഴത്തിന് ഭക്ഷണമൊരുക്കിയും അവർ ഒപ്പം നിൽക്കും’ -രാജേഷ് നോമ്പുകാല ഓർമകൾ പങ്കുവെക്കുന്നു.
‘കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയപ്പോഴും നോമ്പ് ഒഴിവാക്കിയില്ല. ആ കാലത്തെ അനുഭവങ്ങൾ ഏറെ സന്തോഷം നൽകുന്നതാണ്. വൈകുന്നേര സമയമാവുേമ്പാൾ വീടിന്റെ സിറ്റൗട്ടിൽ അമ്മ നാമം ജപിക്കുേമ്പാൾ, അടുക്കളയിൽ നോമ്പുതുറ ഒരുക്കത്തിലാവും ഞാനും ഭാര്യയും. ആറുമണി കഴിഞ്ഞ് ബാങ്ക് കൊടുക്കുേമ്പാൾ നാമം ജപിക്കുന്നതിനിടയിൽ അമ്മ നോമ്പു തുറക്കാൻ വിളിച്ചുപറയും... ഇതൊക്കെയാണ് നമ്മുടെ നാടിന്റെ ഒരിക്കലും അണയാത്ത നന്മ. അതങ്ങനെ എക്കാലവും നിലനിൽക്കണം’ -രാജേഷ് പറയുന്നു.
‘പെരുന്നാളായാലും ആഘോഷം കളർഫുളാണ്. ഖത്തറിലാണെങ്കിൽ സുഹൃത്തുക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമോ, ഞങ്ങളുടെ മുറിയിലോ ആവും ആഘോഷം. നാട്ടിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ്. വിഷുവും ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം ഞങ്ങൾ ജാതി മത ഭേദമന്യേതന്നെ ആഘോഷിക്കുന്നു.’
ജീവിതാവസാനം വരെയും നോെമ്പടുക്കണമെന്ന ആഗ്രഹത്തോടെയാണ് ഇത്തവണ ഭാര്യ രമ്യക്കും മക്കളായ അഭിനവ്, അഭിനയ എന്നിവർക്കുമൊപ്പം ആഘോഷിക്കുന്നത്. ദോഹയിൽ അൽ മിർഖാഖബ് ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ഒാഫിസ് മാനേജറായി ജോലിചെയ്യുകയാണ് രാജേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.