ദോഹ: നൂറുകണക്കിന് മലയാളികൾ സജീവമായ ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സർക്കാർ പുതിയ നിയമഭേദഗതി കൊണ്ടുവരുന്നു. കെട്ടിടങ്ങളും മറ്റും പാട്ടത്തിന് കൊടുക്കുന്നതുമായി ബന്ധപ്പെട്ട നിയമം കൂടുതൽ കണിശമാക്കാനാണ് ഖത്തറിെൻറ തീരുമാനം. 2008ലെ റിയൽ എസ്റ്റേറ്റ് പാട്ടവുമായി ബന്ധപ്പെട്ട നിയമത്തിലുള്ള ഭേദഗതിക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസം അംഗീകാരം നൽകി.
ഇത് പ്രകാരം പാട്ടക്കരാറുമായി ബന്ധപ്പെട്ട വാടക, കാലാവധി, ആവശ്യം തുടങ്ങി സകലകാര്യങ്ങളും രേഖകളിൽ എഴുതൽ നിർബന്ധമാകും. വസ്തു പാട്ടത്തിന് കൊടുക്കുന്നയാളുടെ പേര്, വാങ്ങുന്നയാളുടെ പേര്, പൗരത്വം, പാട്ടക്കാലാവധി, പൂർണമായ വിലാസം, വക്കീൽ, പാട്ടത്തുക, ബാങ്ക് വഴിയാണോ അതോ മറ്റേതെങ്കിലും രൂപത്തിലാണോ പണം കൈമാറുക തുടങ്ങിയ വിവരങ്ങളും പുതിയ ഭേദഗതിയോടെ നിർബന്ധമാകും.
പാട്ടം നൽകുന്നയാൾ വസ്തുസംബന്ധിച്ച കരാർ നിർബന്ധമായും രജിസ്ട്രേഷൻ ഒാഫിസിൽ രജിസ്റ്റർ ചെയ്യണം. 60 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം. വർഷത്തിലുള്ള പാട്ടത്തുകയുടെ 0.5 ശതമാനം തുക രജിസ്ട്രേഷൻ ഫീസായി നൽകണം. ഇത് 250 റിയാലിൽ കുറയുകയോ 2500 റിയാലിൽ കൂടുകയോ ചെയ്യില്ല. ഭേദഗതി നിയമമാകുന്ന ദിവസം മുതൽ മൂന്നുമാസം വരെ വസ്തുഉടമക്ക് സാവകാശം നൽകും. കരാറുകളുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങൾ ചേർക്കാനായാണിത്. നഗരകാര്യ മന്ത്രാലയത്തിന് പ്രത്യേകസാഹചര്യങ്ങളിൽ ഇൗ കാലയളവ് നീട്ടുകയും ചെയ്യാം. പുതിയ ഭേദഗതി പ്രകാരം നിയമലംഘനം നടത്തുന്നയാൾക്ക് 10,000 ഖത്തർ റിയാൽ (1.74 ലക്ഷം രൂപ) ആണ് പിഴ.
നിരവധി മലയാളികളാണ് ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നത്. സ്വദേശികളുടെ ഉടമസ്ഥതയിലുള്ള വീടുകളടക്കമുള്ള കെട്ടിടങ്ങൾ മൊത്തത്തിൽ നിശ്ചിത കാലയളവിലേക്ക് വിദേശികൾ പാട്ടത്തിനെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇത് പലതായി വിഭജിച്ച് മറ്റുള്ളവർക്ക് മാസവാടകക്ക് മറിച്ചുനൽകും. പലപ്പോഴും കരാറിൽ പറയുന്ന കാര്യങ്ങൾക്കല്ല പിന്നീട് കെട്ടിടം ഉപയോഗിക്കുന്നത്. പുതിയ നിയമഭേദഗതി വരുന്നതോടെ കെട്ടിട ഉടമകൾ പാട്ടക്കരാറുകളിൽ കൂടുതൽ കണിശത പുലർത്തും. എന്തൊക്കെ കാര്യങ്ങൾക്കാണ് കെട്ടിടം പിന്നീട് ഉപയോഗിക്കുകയെന്നതും വ്യക്തമാേക്കണ്ടി വരും. പാട്ടത്തുക വൻതോതിൽ വർധിക്കാൻ ഇത് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.