ദോഹ: അഫ്ഗാനിസ്താനിലെ ദുർബലരായ ആളുകളുടെ അടിയന്തര ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായി സഹായ പദ്ധതികൾ നടപ്പാക്കി ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്). കുവൈത്ത് റെഡ്ക്രസന്റുമായി സഹകരിച്ച് പ്രകൃതിദുരന്തങ്ങളും സംഘർഷങ്ങളും മൂലം കുടിയിറക്കപ്പെട്ട 94,000ത്തോളം അഫ്ഗാനികളിലേക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളുമായി സഹായമെത്തിച്ചു.
ദരിതമനുഭവിക്കുന്ന 90000ത്തിലധികം ആളുകളുടെ ആരോഗ്യവും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 5.48 ലക്ഷം ഡോളർ ചെലവിൽ അഫ്ഗാൻ റെഡ്ക്രസന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്.
പദ്ധതിക്ക് കീഴിൽ കാബൂൾ, സാബൂൾ, ലുഗർ, കാണ്ഡഹാർ, ഫറാ, നിംറോസ്, ഹെറാത്ത്, ജാവ്ജാൻ, ബൽഖ്, കുന്തൂസ, ബഗ്ലാൻ, ലഗ്മാൻ, നംഗർഹാർ എന്നീ 13 പ്രവിശ്യകളിലായി 77,150 പേർക്ക് സേവനം നൽകുന്നതിന് 17 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും മാനസികാരോഗ്യ ആശുപത്രികൾക്കുമായി 112 വിഭാഗത്തിലുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നൽകി.
കുനാർ, തഖർ, സാബുൾ എന്നിവിടങ്ങളിലെ 2400 കുടുംബങ്ങൾക്ക് ഭക്ഷ്യവിഭവങ്ങളടങ്ങിയ കുട്ടകൾ വിതരണം ചെയ്തു. മാവ്, അരി, സസ്യ എണ്ണ, പയർ, ചുവന്ന ബീൻസ്, പഞ്ചസാര, ചായ എന്നിവ ഉൾപ്പെടെ 46 കിലോഗ്രാം വീതമുള്ള കുട്ടകളാണ് വിതരണം ചെയ്തത്.
കുടിയൊഴിപ്പിക്കപ്പെടുകയും ദുരിതബാധിതരുമായ കുടുംബങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുക, സുപ്രധാന, അവശ്യ ഭക്ഷ്യവസ്തുക്കൾ നൽകി പോഷകാഹാരം മെച്ചപ്പെടുത്തുക, മെച്ചപ്പെട്ട ശുചിത്വത്തിലൂടെ രോഗബാധിതരുടെ നിരക്ക് കുറക്കുക, രോഗികൾക്ക് മെഡിക്കൽ സേവനങ്ങൾ തുടർന്നും നൽകുന്നതിന് ആരോഗ്യ സൗകര്യങ്ങളെ പിന്തുണക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പദ്ധതി, വിവിധ കമ്യൂണിറ്റികളിൽ വലിയ സ്വാധീനമുണ്ടാക്കിയതായും ഖത്തർ റെഡ്ക്രസന്റ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.