ദോഹ: ആറുമാസം പിന്നിട്ടിട്ടും അവസാനിക്കാത്ത യുദ്ധ കെടുതികൾക്കിടയിലും ഗസ്സയിലെ ദുരന്തബാധിതർക്ക് ആശ്വാസമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. ഇസ്രായേൽ അധിനിവേശ സേനയുടെ നിഷ്ഠുരമായ ആക്രമണങ്ങൾക്ക് മുന്നിൽ ലോകം കാഴ്ചക്കാരായിരിക്കുമ്പോൾ ആതുരസേവനത്തിന്റെ പുതിയ മാതൃകയാണ് ക്യൂ.ആർ.സി.എസ് തീർക്കുന്നത്. യുദ്ധം തുടങ്ങി 200 ദിവസത്തിനിടെ 1800ലേറെ ശസ്ത്രക്രിയകളാണ് റെഡ് ക്രസന്റ് നടത്തിയത്.അത്യാധുനിക ചികിത്സാ സംവിധാനങ്ങളോ, മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളോ ഇല്ല. ഉള്ള സജ്ജീകരണങ്ങളും ആശുപത്രികളും നിലക്കാത്ത ബോംബിങ്ങിലും കരയാക്രമണത്തിലും മരണതുരുത്തായി മാറി. ആവശ്യത്തിന് മരുന്നും ഉപകരണങ്ങളും പോലുമില്ല, എങ്കിലും നിശ്ചയദാർഢ്യത്തോടെ സേവന സജ്ജരായ മെഡിക്കൽ സംഘം മനുഷ്യജീവൻ തിരിച്ചുപിടിക്കാൻ സാധ്യമായതെല്ലാം ചെയ്യുകയായിരുന്നു. ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ, അതിസങ്കീര്‍ണമായ ശസ്ത്രക്രിയകൾ വരെ ഇതിനകം നടത്തിയതായി ഖത്തർ റെഡ് ക്രസന്റ് പ്രതിനിധികൾ പറയുന്നു. രാജ്യത്ത് നേരത്തേയുണ്ടായിരുന്ന ആരോഗ്യസംവിധാനങ്ങളെല്ലാം ഇസ്രായേല്‍ അധിനിവേശ സേന ബോംബിട്ട് തകര്‍ത്ത പശ്ചാത്തലത്തിലാണ് ഖത്തര്‍ റെഡ് ക്രസന്റ് ആതുരസേവനത്തിന്റെപുതിയ മാതൃക തീര്‍ത്തത്. ഗസ്സയില്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്ന 12 ആശുപത്രികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായിരുന്ന
അല്‍ഷിഫ മെഡിക്കല്‍ കോംപ്ലക്സ് അടക്കം 24 എണ്ണം ഇസ്രായേല്‍ നാമാവശേഷമാക്കി. കഴിഞ്ഞ മാസം യുനിസെഫ് പുറത്തുവിട്ട കണക്ക് പ്രകാരം ഗസ്സയില്‍ ഓരോ ദിവസം ശരാശരി 70 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നുണ്ട്. ജനുവരിയിലെ കണക്ക് പ്രകാരം പ്രതിദിനം പത്ത് കുട്ടികള്‍ക്ക് കൈയോ കാലോ നഷ്ടമാകുന്നു. ഇവരെയെല്ലാം ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഖത്തര്‍ റെഡ് ക്രസന്റ് അടക്കമുള്ള സന്നദ്ധ സംഘടനകള്‍ നടത്തുന്നത്. മരുന്നിന്റെയും ചികിത്സാ സംവിധാനങ്ങളുടെയും പരിമിതികൾക്കിടയിലാണ് തങ്ങളുടെ മെഡിക്കൽ സംഘം 1800 ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതെന്ന് ഗസ്സയിലെ റെഡ്ക്രസന്റ് സൊസൈറ്റിയിലെ തൊറാസിക് സർജറി വിദഗ്ധനായ ഡോ. റാഇദ് അൽ അറിനി പറഞ്ഞു. ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആവശ്യമായ അടിയന്തര ചികിത്സകളാണ് ഏറെയും. രക്തസ്രാവം തടയുക, ശ്വാസകോശ ശസ്ത്രക്രിയ, ഡയഫ്രം, ശ്വാസകോശം, ഹൃദയം എന്നീ ശസ്ത്രക്രിയകളാണ് ഏറെയും. ഇതിനു പുറമെ, യുദ്ധത്തിനിരകളാവുന്ന ഗസ്സക്കാർക്ക് മാനസിക ചികിത്സാ സേവനങ്ങളും നൽകുന്നു. രാത്രിയും പകലുമെന്നില്ലാതെ 24 മണിക്കൂറും തങ്ങളുടെ സംഘം കർമനിരതരാണെന്ന് ഡോ. അൽ അറിനി പറയുന്നു. ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ, വിവിധ മാർഗങ്ങളിലൂടെ ഗസ്സക്ക് ഖത്തറിന്റെ സഹായമെത്തുന്നുണ്ട്. മരുന്നും, ഭക്ഷ്യ വസ്തുക്കളും, മെഡിക്കൽ സംവിധാനവുമായി ഇത് തുടരുന്നു. മധ്യസ്ഥ ദൗത്യത്തിനും ഖത്തർ തന്നെയാണ് നേതൃത്വം നൽകുന്നത്. കൂടുതൽ ചികിത്സ ആവശ്യമായ നിരവധി പേരെയാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം ഖത്തർ ഇതിനകം വ്യോമമാർഗം ദോഹയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.