ദോഹ: ഇറാഖിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കും ഇർബിൽ ഗവർണറേറ്റിലെ സിറിയൻ അഭയാർഥികൾക്കുമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിക്ക് കീഴിൽ ശസ്ത്രക്രിയകളും അർബുദ ചികിത്സ പദ്ധതിയും നടപ്പാക്കുന്നു. ഇറാഖിലെ ഖത്തർ റെഡ്ക്രസൻറ് ഓഫിസാണ് പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്.
2000 മുതൽ ലോകത്തുടനീളം ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ആരംഭിച്ച മെഡിക്കൽ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. രോഗികൾക്കാവശ്യമായ പരിശോധനകൾ, ചികിത്സ, മരുന്നുകളുടെ വിതരണം, ശസ്ത്രക്രിയ തുടങ്ങിയവയെല്ലാം പദ്ധതിക്ക് കീഴിൽ വരും.
ഇർബിലിലെ റിസ്ഗായ് ടീച്ചിങ് ആശുപത്രിയിലാണ് ഇറാഖിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്കും സിറിയൻ അഭയാർഥികൾക്കുമായി മെഡിക്കൽ പദ്ധതികൾ നടപ്പാക്കുന്നത്. ഇർബിൽ ഗവർണറേറ്റിെൻറ ആരോഗ്യ വിഭാഗത്തിനും ആശുപത്രിക്കും ആവശ്യമായ പിന്തുണ നൽകുകയും കൃത്യസമയത്ത് സൗജന്യമായ മികച്ച ചികിത്സ നൽകുന്നതിലൂടെ അഭയാർഥികൾക്കിടയിലെ മരണനിരക്ക് കുറക്കുകയുമാണ് ഇതിലൂടെ ഖത്തർ റെഡ്ക്രസൻറ് ലക്ഷ്യമിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ നീങ്ങുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഖത്തർ റെഡ്ക്രസൻറ് പദ്ധതി ഏറെ സഹായകരമാണ്.
പദ്ധതിക്ക് കീഴിൽ ഇതുവരെയായി 52 രോഗികളെ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കിയതായും 11 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായും ഖത്തർ റെഡ്ക്രസൻറ് വ്യക്തമാക്കി.
ക്യാമ്പുകളിൽ സന്ദർശനം നടത്തി മെഡിക്കൽ റിപ്പോർട്ട് തയാറാക്കിയതിെൻറ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. രോഗികളായ കുഞ്ഞുങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളും ഖത്തർ റെഡ്ക്രസൻറ് വിതരണം ചെയ്യുന്നുണ്ട്. ഖത്തറിൽ നിന്നുള്ള ഉദാരമതികളുടെ പിന്തുണയോടെ ഈ വർഷം അവസാനം വരെ പദ്ധതി തുടരുമെന്ന് ഖത്തർ റെഡ്ക്രസൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.