ഓഫിസുകളിൽ കടലാസ് ഉപയോഗം കുറക്കാം; ഓർമിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: കൂടുതൽ സുസ്ഥിര ഭാവിക്കായി മാലിന്യങ്ങൾ കുറക്കുന്നതിന് കടലാസ് ഉപയോഗം കുറക്കണമെന്ന് ഓർമപ്പെടുത്തി മുനിസിപ്പാലിറ്റി മന്ത്രാലയം. ജൂൺ മൂന്നിന് ആചരിച്ച് വരുന്ന കടലാസ് രഹിത ദിനത്തോടനുബന്ധിച്ചാണ് (നോ പേപ്പർ ഡേ) മന്ത്രാലയത്തിന്റെ ആഹ്വാനം. സീറോ വേസ്റ്റ് കാമ്പയിൻ ഭാഗമായി നോ പേപ്പർ ഡേ ആഘോഷിക്കാൻ ഒപ്പം ചേരൂ എന്നും, ഖത്തറിൽ കൂടുതൽ സുസ്ഥിര ഭാവിക്കായി പേപ്പർ മാലിന്യത്തിന്റെ അളവ് കുറക്കുന്നതിന് പ്രായോഗികവും മികവുറ്റതുമായ വഴികളിലൂടെ പേപ്പർ ഉപയോഗം കുറക്കാൻ ശ്രമിക്കണമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം ട്വീറ്റ് ചെയ്തു.

കൂടുതൽ മരങ്ങൾ മുറിക്കുന്നത് ഒഴിവാക്കാൻ കടലാസുകളുടെ അമിതമായ ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരാകാൻ ഓഫിസ് ജീവനക്കാരോട് മന്ത്രാലയം അഭ്യർഥിച്ചു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിന് കടലാസ് ഉപയോഗം കുറക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടുതൽ പ്രിന്റിങ് ഒഴിവാക്കുന്നതിന് രേഖകളിലെ പിശകുകളും തിരുത്തുകളും ശ്രദ്ധിക്കണം. പ്രിന്റ് ചെയ്യുന്നതിന് മുമ്പായി അക്കാര്യം പ്രത്യേകം ഉറപ്പുവരുത്തണം. ജോലിസ്ഥലത്ത് കടലാസ് ഉപയോഗം കുറക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് എല്ലാവരെയും ഓർമിപ്പിക്കാനും പുനരുപയോഗത്തിനായി കാർഡ്‌ബോർഡ് കണ്ടെയ്‌നറുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരമാണ് നോ പേപ്പർ ഡേ. കടലാസ് ഉപഭോഗം കുറക്കുന്നതിനും സുസ്ഥിര ഭാവി സുരക്ഷിതമാക്കാനുമുള്ള വഴികൾ കണ്ടെത്താൻ കമ്പനികളെയും സ്ഥാപനങ്ങളെയും സ്‌കൂളുകളെയും സഹായിക്കുന്നതിനാണ് ഖത്തറിൽ ‘നോ പേപ്പർ ഡേ’ ആരംഭിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി പുനരുപയോഗിക്കാൻ കഴിയുന്ന, മാലിന്യങ്ങൾ കുറക്കുന്ന പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ സ്വീകരിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കടലാസ് നിർമാണത്തിലും ഉപയോഗത്തിലും നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടെന്നും ഇത് പരിസ്ഥിതി വിഭവങ്ങളുടെ ശോഷണത്തിന് കാരണമാകുമെന്നും കടലാസ് രഹിത ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവും ബോധവത്കരണ സന്ദേശത്തിൽ വിശദീകരിച്ചു.

പേപ്പർ വ്യവസായത്തിന് നിരവധി മരങ്ങൾ മുറിക്കേണ്ടതിനാൽ പരിസ്ഥിതിയിലെ മരങ്ങളും സസ്യങ്ങളും കുറയുന്നതും അതിലൂടെ കടുത്ത പാരിസ്ഥിതികാഘാതങ്ങളുണ്ടാവുകയും ചെയ്യുന്നുവെന്നതാണ് കടലാസ് നിർമാണത്തിലെ പ്രധാന പോരായ്മ. മരങ്ങൾ കുറയുന്നതിലൂടെ ദോഷകരമായ വാതകങ്ങൾ വായുവിൽ പരക്കാനിടയാവുകയും വായുമലിനീകരണമുൾപ്പെടെയുള്ള അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. ഫയലുകളും രേഖകളും കടലാസുകളിൽ പ്രിന്റ് ചെയ്യുന്നതിന് പകരം ഡിജിറ്റലായി സൂക്ഷിക്കണമെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ആളുകൾ റീസൈക്കിൾ ചെയ്ത പേപ്പറുകൾ ഉപയോഗിക്കാൻ ശീലിക്കണമെന്നും റീസൈക്ലിങ്ങിനായി നിയുക്ത സ്ഥലങ്ങളിലായിരിക്കണം പേപ്പർ മാലിന്യങ്ങൾ വലിച്ചെറിയേണ്ടതെന്നും മന്ത്രാലയം ഓർമിപ്പിച്ചു.  

Tags:    
News Summary - Reduce the use of paper in offices; Reminder Ministry of Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.