ദോഹ: പലനിറങ്ങളിലായി ചിതറിക്കിടക്കുന്ന പസിൽ ക്യൂബിനെ നിമിഷവേഗത്തിൽ ഒരേനിറങ്ങളിൽ ക്രമീകരിക്കുക ഒത്തിരി ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിവേഗത്തിൽ ക്യൂബിനെ മെരുക്കിയെടുത്ത് ഗിന്നസ് ലോക റെക്കോഡ് ബുക്കിൽ കയറിക്കൂടുകയെന്നത് അതിസാഹസവും. എന്നാൽ, വർഷങ്ങളായുള്ള നിരന്തര പരിശീലനത്തിലൂടെ 'പസിൽ ക്യൂബിൽ' വൈദഗ്ധ്യംകാണിച്ച് ഗിന്നസിൽ ഇടം കുറിച്ചിരിക്കുകയാണ് ഖത്തറിൽനിന്നുള്ള മലയാളി വിദ്യാർഥി മുഹമ്മദ് റെഹാൻ. തൃശൂർ കുന്ദംകുളം സ്വദേശിയും എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയുമായ റെഹാൻ മുംബൈ ആസ്ഥാനമായ ബ്രെയിൻ ജിമ്മിന്‍റെ നേതൃത്വത്തിൽ നടന്ന മെഗാ ഗിന്നസ് ദൗത്യത്തിൽ പങ്കാളിയായാണ് ലോക റെക്കോഡിന് അവകാശിയായത്. 240 പേർ ഒരേസമയം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി പങ്കെടുത്താണ് കാഷിഷ് ലഖാനിയുടെ നേതൃത്വത്തിലുള്ള ബ്രെയിൻ ജിം ലോക റെക്കോഡ് സ്ഥാപിച്ചത്. സംഘത്തിൽ ഖത്തറിൽ നിന്നുള്ള ഏക അംഗവും റെഹാനായിരുന്നു. ഇന്ത്യ, അമേരിക്ക, സിംഗപ്പൂർ, ദുബൈ, ബ്രിട്ടൻ, ആസ്ടേലിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് മറ്റ് 'പസിൽ ക്യൂബ്' വിദഗ്ധർ ഗിന്നസ് ശ്രമത്തിൽ പങ്കെടുത്തത്.
ടീമിനെ നയിച്ച കാഷിഷ് ലഖാനിയുടെ പേരിലാണ് ഗിന്നസ് ലോക റെക്കോഡ് ബുക്കിൽ ഇവരുടെ നേട്ടം കുറിച്ചത്. എന്നാൽ, സ്വന്തം പേരെഴുതിയ സർട്ടിഫിക്കറ്റും മെഡലും റെഹാനെ തേടി ഖത്തറിലെത്തി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മെഗാ ഗിന്നസ് ശ്രമം നടന്നത്. വിവിധ പ്രായക്കാരായ ഏറ്റവും കൂടുതൽ പേർ ഒരു ടീമായി പങ്കെടുത്ത് ഒരേസമയം ക്യൂബ് പൂർത്തിയാക്കിയ റെക്കോഡാണ് 240 പേരിൽ കുറിച്ചത്.
വിവിധ സമയവ്യത്യാസങ്ങളുള്ള രാജ്യങ്ങളിലെ ടീം അംഗങ്ങളെ ഓൺലൈനിൽ ഏകോപിപ്പിച്ചുള്ള റെക്കോഡ് ശ്രമം ഏറെ കടുത്തതായിരുന്നുവെന്ന് കാഷിഷ് ലഖാനി പറയുന്നു. രജിസ്റ്റർ ചെയ്ത 400ലേറെ പേരിൽനിന്നാണ് റെഹാൻ ഉൾപ്പെടെ 240 പേരെ ഗിന്നസ് റെക്കോഡിനുള്ള ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. 2021 ഒക്ടോബറിൽ തുടങ്ങി, നിരവധി പരിശീലനങ്ങളും മീറ്റിങ്ങുകളും ട്രയൽസും നടത്തിയ ശേഷമാണ് കഴിഞ്ഞ ഫെബ്രുവരി ആറിന് ഗിന്നസ് ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും സാക്ഷിയാക്കി റെക്കോഡ് കൈവരിച്ചത്.
ഗണിതത്തിലും ബഹിരാകാശ വിഷയങ്ങളിലും തൽപരനായ റെഹാൻ മൂന്നുവർഷം മുമ്പ് പിതാവ് ഷാനവാസ് വാങ്ങിനൽകിയ ക്യൂബിക്സിലൂടെയാണ് ഈ മേഖലയിലെത്തുന്നത്. പിന്നീട്, വിവിധ പസിൽ ക്യൂബുകളിൽ വിദഗ്ധനായി മാറി. ഓൺലൈൻ വഴി സ്വയം നേടിയെടുത്ത പരിശീലനത്തിലൂടെയാണ് ബ്രയിൻ ജിമ്മുമായും ഇപ്പോൾ ഗിന്നസിലുമെത്തുന്നത്. ഹഷീമയാണ് മാതാവ്. സഹോദരങ്ങളായ സോയ ഷാനവാസും മുഹമ്മദ് റസ്ലാനും ജ്യേഷ്ഠന്റെ മികവുകണ്ട് ക്യൂബിനെ മെരുക്കിത്തുടങ്ങിയിട്ടുണ്ട്. റെഹാനെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.