ദോഹ: ക്വാറന്റീനും ആർ.ടി.പി.സി.ആറിന്റെ ടെൻഷനുമില്ലാതെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇന്നുമുതൽ ഖത്തറിലേക്ക് പറന്നിറങ്ങാം.
കോവിഡ് റിപ്പോർട്ട് ചെയ്ത കാലം മുതൽ നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് ആശ്വാസത്തോടെ യാത്രചെയ്യാനുള്ള അവസരം ഒരുങ്ങുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച യാത്രാനയത്തിലെ പരിഷ്കാരം തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ പ്രബല്യത്തിൽ വരും. കോവിഡ് രോഗവ്യാപനം കുറയുകയും ലോകരാജ്യങ്ങളിൽ ഏറെയും വാക്സിനേഷൻ കാമ്പയിൻ വിജയകരമായി പിന്നിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് യാത്രാനയങ്ങളിൽ അടിമുടി മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇളവുകൾ നൽകാൻ തീരുമാനമായത്.
കോവിഡിന്റെ ഒന്നാം തരംഗത്തിന് പിന്നാലെ 10 ദിവസമായിരുന്നു ഹോട്ടൽ ക്വാറന്റീൻ.
അതേസമയം, തന്നെ ചെലവ് കുറഞ്ഞ മിഖൈനീസിൽ 14 ദിവസവും ക്വാറന്റീനിൽ കഴിഞ്ഞാണ് പ്രവാസികൾ നാട്ടിൽനിന്ന് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തിയത്.
ദിവസം കൂടുതലുണ്ടെങ്കിലും ചെലവ് കുറയുന്നത് കണക്കിലെടുത്ത് തൊഴിലാളികൾ ഉൾപ്പെടെ വലിയൊരു പങ്ക് മിഖൈനീസ് സെന്ററുകളെ ആശ്രയിച്ച് ക്വാറന്റീൻ കാലം കഴിച്ചുകൂട്ടിയത് ചരിത്രം. രോഗവ്യാപനം കുറഞ്ഞതോടെ, വാക്സിൻ സ്വീകരിച്ചവരെ ഒഴിവാക്കിയെങ്കിലും പുതിയ തരംഗം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഏഴു ദിവസ ക്വാറന്റീൻ വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു. ശേഷം രോഗവ്യാപനം കുറഞ്ഞതോടെ രണ്ടു ദിവസ ക്വാറന്റീനായി ചുരുക്കി. നവംബറിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതോടെ ക്വാറന്റീൻ നീണ്ടുപോവുകയായിരുന്നു. ഇപ്പോൾ, രോഗവ്യാപനം കുറയുകയും വിവിധ രാജ്യങ്ങളിൽ വാക്സിനേഷൻ നടപടികൾ വിജയത്തിലെത്തുകയും ചെയ്തതോടെയാണ് ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനമായത്.
തിങ്കളാഴ്ച ഏഴു മണിക്ക് ശേഷം ഖത്തറിലെത്തുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള വാക്സിൻ സ്വീകരിച്ച താമസക്കാർക്ക് ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ല.
യാത്രക്ക് മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധനയും ഒഴിവാകും. എന്നാൽ, ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജെൻ പരിശോധന നടത്തണം. അതേസമയം, സന്ദർശക വിസയിൽ ഇന്ത്യയിൽനിന്ന് എത്തുന്നവർ വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ഒരുദിവസം ക്വാറന്റീൻ ആവശ്യമാണ്.
യാത്രക്ക് 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധനയും ഖത്തറിലെത്തിയശേഷം ആന്റിജെൻ പരിശോധനയും വേണം. ഖത്തർ അംഗീകൃത വാക്സിനുകളുടെ രണ്ടാം ഡോസോ, ബൂസ്റ്റർ ഡോസോ സ്വീകരിച്ചവരെയാണ് വാക്സിനേറ്റഡായി പരിഗണിക്കുക. വാക്സിൻ എടുത്ത് 14 ദിവസം കഴിഞ്ഞവരും എന്നാൽ, ഒമ്പത് മാസം പൂർത്തിയാകാത്തവരും ആയിരിക്കണം. ഒമ്പത് മാസം പിന്നിട്ടവരെ 'ഇമ്യൂണിറ്റി' ഇല്ലാത്തവരായാവും പരിഗണിക്കുക.
യാത്രാനയത്തിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതർ ട്വിറ്ററിലൂടെ നിർദേശിച്ചു.
ശ്രദ്ധിക്കാം, മാറ്റങ്ങൾ
• ഗ്രീൻ, റെഡ്, എക്സപ്ഷനൽ റെഡ് ലിസ്റ്റ് തുടങ്ങിയ കോവിഡ് തീവ്രത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടിക ഇന്ന് മുതൽ മാറ്റപ്പെടും. പുതിയ പരിഷ്കാരപ്രകാരം രണ്ടു വിഭാഗം മാത്രമായിരിക്കും ഉണ്ടാവുക. അതിതീവ്ര കോവിഡ് വ്യാപന രാജ്യങ്ങളായിരുന്ന ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളെ 'റെഡ് ഹെൽത്ത് മെഷേസ്' പട്ടിക ആയാണ് പരിഗണിക്കുക. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ജോർജിയ, ജോർഡൻ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. കോവിഡ് നിയന്ത്രിതമായ ഗ്രീൻ, റെഡ് രാജ്യങ്ങളെല്ലാം ഇനി 'സ്റ്റാൻഡേർഡ് ഹെൽത്ത് മെഷേസ്' ലിസ്റ്റ് ആയി പരിഗണിക്കും.
• വാക്സിൻ സ്വീകരിച്ച താമസക്കാർക്ക് (ആർ.പി ഹോൾഡേഴ്സ്) ക്വാറന്റീനും യാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധനയും ഒഴിവാകുമ്പോൾ വാക്സിൻ സ്വീകരിക്കാത്തവർക്ക് (രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവർ ഉൾപ്പെടെ) അഞ്ചു ദിവസം ഹോട്ടൽ ക്വാറന്റീൻ വേണം. യാത്രക്ക് 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം, ഖത്തറിലെത്തി ഹോട്ടൽ ക്വാറന്റീനിടയിൽ റാപ്പിഡ് ആന്റിജെൻ പരിശോധനാഫലം എന്നിവ നടത്തണം.
• ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽനിന്നുള്ള വാക്സിൻ സ്വീകരിച്ച സന്ദർശകവിസയിലുള്ളവർക്ക് ഒരുദിവസം ക്വാറന്റീൻ വേണം. യാത്രക്ക് 48 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ പരിശോധനാഫലം, ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജെൻ പരിശോധന എന്നിവ ആവശ്യമാണ്.
എന്നാൽ, വാക്സിൻ സ്വീകരിക്കാത്ത സന്ദർശകർക്ക് ഖത്തറിലേക്ക് പ്രവേശനമില്ല.
• ജി.സി.സി രാജ്യങ്ങളെല്ലാം സ്റ്റാൻഡേർഡ് ഹെൽത്ത് മെഷേസ് പട്ടികയിലാണുള്ളത്. ഈ രാജ്യങ്ങളിൽനിന്നുള്ള വാക്സിനേറ്റഡ് സന്ദർശകർക്കും താമസക്കാർക്കുമൊന്നും ക്വാറന്റീൻ ഇല്ല. എന്നാൽ, ജി.സി.സി പൗരന്മാരും സന്ദർശകരും യാത്ര 48 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധനാ ഫലം കരുതണം.
• ഖത്തർ അംഗീകൃത വാക്സിനുകളുടെ മുഴുവൻ ഡോസും സ്വീകരിച്ചവരെയാണ് പ്രതിരോധശേഷി ആർജിച്ചവരായി പരിഗണിക്കുക. രണ്ട് ഡോസോ ബൂസ്റ്റർ ഡോസോ സ്വീകരിച്ചവരെ കുത്തിവെപ്പ് എടുത്ത് 14 ദിവസം മുതൽ ഒമ്പത് മാസം വരെ വാക്സിനേറ്റഡായി പരിഗണിക്കപ്പെടും. ഫൈസർ, മൊഡണ, ആസ്ട്രസെനഗ (കോവിഷീൽഡ്), ജോൺസൺ ആൻഡ് ജോൺസൺ (ഒരു ഡോസ് മതി) എന്നിവക്കാണ് ഒമ്പത് മാസം കാലാവധിയുള്ളത്.
എന്നാൽ, ഉപാധികളോടെ അംഗീകരിക്കപ്പെട്ട വാക്സിനുകളായ സിനോഫാം, സിനോവാക്, സ്പുട്നിക്, കോവാക്സിൻ എന്നിവ സ്വീകരിച്ചവർക്ക് ആറു മാസമാണ് കാലാവധി. അതേസമയം, ഈ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർ ഖത്തർ നൽകുന്ന വാക്സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കുകയാണെങ്കിൽ ഒമ്പത് മാസം ഇമ്യൂണിറ്റി കാലാവധിയായി പരിഗണിക്കും. ഇവർക്ക് യാത്രക്ക് മുമ്പ് ആന്റിബോഡി പരിശോധനാഫലവും ആവശ്യമില്ല.
• ഖത്തറിലേക്ക് വരുന്ന 12ന് താഴെ പ്രായമുള്ള വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് വാക്സിനേറ്റഡ് ആയ രക്ഷിതാക്കൾക്കുള്ള നിബന്ധനകൾ ബാധകമാവും. യാത്രക്ക് മുമ്പ് പരിശോധനയോ ക്വാറന്റീനോ വേണ്ട. എന്നാൽ, ഖത്തറിലെത്തിയശേഷം 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജെൻ പരിശോധന നടത്തണം. ജി.സി.സിയിൽ സന്ദർശകർക്കൊപ്പമാണ് കുട്ടികളെങ്കിൽ രക്ഷിതാക്കൾക്ക് ക്വാറൻറീൻ വേണ്ടെങ്കിൽ കുട്ടികളെ വിമാനത്താവളത്തിൽ ആന്റിജെൻ പരിശോധനക്ക് വിധേയരാക്കും. രക്ഷിതാക്കൾക്ക് ഹോട്ടൽ ക്വാറൻറീൻ ആവശ്യമാണെങ്കിൽ ഹോട്ടലിലായിരിക്കും പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.