ദോഹ: ഒരുമാസത്തിനിടയിൽ അൽ അദായിദ് ബീച്ചിൽനിന്ന് മൂന്നാമത്തെ കടൽ പശുവിനെയും (ഡ്യൂഗോങ്) രക്ഷിച്ച് പരിസ്ഥിതി പ്രവർത്തകർ. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച വിശദാംശങ്ങൾ അറിയിച്ചത്. ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കടൽ പശുവിനെ പരിചരിച്ച ശേഷം, ഫുവൈരിത് റിസർവ് മേഖലയിലെ കുളത്തിലേക്ക് മാറ്റി. ഒലിവിയ എന്ന പേരിട്ടാണ് അധികൃതർ പുതിയ അതിഥിയെ വരവേറ്റത്. അധികം പ്രായമില്ലാത്ത കടൽ പശുവിനെയാണ് ഇത്തവണ കണ്ടെത്തിയത്.
ജൂലൈ ആദ്യവാരത്തിലായിരുന്നു ആദ്യ കടൽ പശുവിനെ ഖോർ അൽ അദായിദിൽനിന്ന് കണ്ടെത്തിയത്. അടിയന്തര പരിചരണത്തിനുശേഷം ഓസ്കാർ എന്ന വിളിപ്പേര് നൽകിയശേഷം ഫുവൈരിതിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ജൂലൈ 23നായിരുന്നു രണ്ടാമത്തേതിനെ കണ്ടെത്തിയത്. പ്രഥമ ശുശ്രൂഷ നൽകി ഒലിവിയ എന്ന പേരും വിളിച്ചാണ് ഇവയെ മാറ്റിയത്. ചെറിയ മുറിവുകളുണ്ടായതിനാൽ ചികിത്സക്കുശേഷമാണ് മാറ്റിയത്.
രക്ഷപ്പെടുത്തിയ കടല്‍പശുക്കളുടെ സുരക്ഷയും സ്വയം ജീവിക്കാനുള്ള ശേഷിയും ഉറപ്പാക്കിയശേഷം യഥാർഥ ആവാസവ്യവസ്ഥയിലേക്ക് വിടുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കടല്‍പശു ജനസംഖ്യയുള്ള രാജ്യമാണ് ഖത്തര്‍. 600 മുതല്‍ 700 വരെയുള്ള കടല്‍പശു കൂട്ടത്തെ രാജ്യത്തിന്റെ ജലാശയങ്ങളില്‍ അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
കടൽപശു
ഇന്തോ-പസഫിക് സമുദ്രഭാഗങ്ങളിൽ കണ്ടുവരുന്നതാണ് ഡ്യൂഗോങ് അഥവാ കടൽപശു. ഇതൊരു മത്സ്യമല്ല. കടൽ സസ്തനിയാണ്. ശ്വാസമെടുക്കാൻ ഇവക്ക് വെള്ളത്തിന് മുകളിൽ വരണം. പ്രധാന ഭക്ഷണം കടലിലെ പുല്ലും മറ്റു സസ്യങ്ങളും. മിനുമിനുത്ത ശരീരം, കൈകൾ പോലെ ചെറിയ രണ്ട് തുഴകൾ. വീതിയുള്ള പരന്ന വാല്. ആയുസ്സിന്റെ കാര്യത്തിൽ ഇവ ഏതാണ്ട് മനുഷ്യനൊപ്പമെത്തും. 70 വയസ്സുകഴിഞ്ഞ ഡ്യൂഗോങ്ങിനെവരെ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.