ദോഹ: പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ആശ്വാസമായി ഖത്തർ യാത്ര ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. 12ാം തീയതി മുതൽ നിലവിൽ വരുന്ന യാത്ര ഇളവു പ്രകാരം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറൻറീൻ ഒഴിവാക്കിയതാണ് ദോഹയിൽനിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും നാട്ടിൽനിന്ന് തിരിച്ച് ദോഹയിലേക്കുമുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധനവുണ്ടായത്.
ക്വാറൻറീൻ ഒഴിവാകുന്നതോടെ, നാട്ടിലുള്ളവർ അവധി പൂർത്തിയാവും മുേമ്പ തിടുക്കപ്പെട്ട് മടങ്ങിയെത്താനും ശ്രമം ആരംഭിച്ചതായി എയർ ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. തിരികെ വരുേമ്പാൾ ക്വാറൻറീൻ ഒഴിവാകുമെന്നതിനാൽ കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങാനും തിരിക്ക് കൂട്ടിത്തുടങ്ങി. പെരുന്നാൾ അവധി കൂടി മുന്നിൽ കണ്ട് മടക്കയാത്ര ഷെഡ്യൂൾ ചെയ്ത് തുടങ്ങിയതോടെ കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർ റൂട്ടുകളിൽ ടിക്കറ്റുകൾക്ക് ഓരോ മണിക്കൂറിലും വില ഉയരുകയാണ്.
ദോഹ - കൊച്ചി യാത്ര നിരക്ക് 600-800 റിയാലിൽനിന്നും 1300-1600 റിയാൽ വരെ എത്തി. സാഹചര്യങ്ങൾ കൂടുതൽ വ്യക്തമാവുന്നതോടെ യാത്രക്കാരുടെ തിരക്ക് കൂടുകയാണെങ്കിൽ ടിക്കറ്റ് നിരക്ക് ഇനിയും ഉയരാനാണ് സാധ്യത.
വേനൽ അവധി ആയതോടെ കഴിഞ്ഞ ഒരാഴ്ചയായി ദോഹയിൽനിന്ന് നാട്ടിലേക്ക് തിരക്ക് കൂടുതലാണ്. മുംബൈ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽനിന്ന് ദോഹയിലേക്കും നിറയെ യാത്രക്കാരുമായാണ് വിമാനങ്ങളെത്തുന്നത്.
നിലവിൽ ഖത്തർ എയർവേസ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർലൈൻസുകളാണ് കേരളത്തിലേക്ക് സർവിസ് നടത്തുന്നത്. കൊച്ചിയിലേക്ക് ദിനേന സർവിസ് ഉണ്ടെങ്കിലും കണ്ണൂർ, കോഴിേക്കാട് എന്നിവിടങ്ങളിലേക്ക് അഞ്ചും മൂന്നും ദിവസങ്ങൾ വരെയാണ് ആഴ്ചയിൽ സർവിസുള്ളത്.തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ ദിവസങ്ങളിൽ വിമാനക്കമ്പനികൾ സർവിസുകളുടെ എണ്ണം വർധിപ്പിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.