ദോഹ: അൽ ഫുറൂസിയ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി ഫുറൂസിയ(ഇക്വസ്റ്റേറിയൻ) റൗണ്ട്എബൗട്ട്, മൈദർ റൗണ്ട്എബൗട്ട് എന്നിവ സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനുകളാകുന്നു. മേഖലയിലെ ഗതാഗതക്കുരുക്കഴിക്കുന്നതിെൻറ ഭാഗമായാണിത്. അതേസമയം, മൈദർ റൗണ്ട്എബൗട്ട് മുതൽ ഫുറൂസിയ റൗണ്ട്എബൗട്ട് വരെ ഫുറൂസിയ സ്ട്രീറ്റിലെ ഒരു കിലോമീറ്റർ ഭാഗം അടച്ചിടുമെന്ന് പൊതു മരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. ജനറൽ ട്രാഫിക് ഡയറക്ടറേറ്റിെൻറ സഹകരണത്തോടെ ഇന്ന് മുതൽ നാല് മാസത്തേക്കാണ് അടച്ചിടുന്നത്. ഫുറൂസിയ സ്ട്രീറ്റിലെ അടച്ചിടുന്ന ഭാഗത്തിന് പകരമായി സമാന്തരമായി നിർമ്മിച്ച മൂന്ന് വരി പാതയിലൂടെയായിരിക്കണം വാഹനമോടിക്കേണ്ടതെന്ന് അശ്ഗാൽ അറിയിച്ചു.
അതേസമയം, അൽ ഫുറൂസിയ സ്ട്രീറ്റിലെ ഒരു ദിശയിലേക്കുള്ള ഭാഗം സാധാരണപോലെ ഗതാഗതത്തിന് യോഗ്യമായിരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
ഫുറൂസിയ സ്ട്രീറ്റ് വികസന പദ്ധതി നടപ്പിലാക്കുന്നതിെൻറ ഭാഗമായാണ് പാത അടച്ചിടുന്നത്. അൽ ഫുറൂസിയ സ്ട്രീറ്റിലെ ഇരുദിശയിലേക്കുമുള്ള പാതകളിലെ വരികളുടെ എണ്ണം നാലാക്കി ഉയർത്തുക, ഇരുവശങ്ങളിലേയും സർവീസ് റോഡുകൾ യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയിലുൾപ്പെടുന്നത്.
ഫുറൂസിയ, മൈദർ റൗണ്ട്എബൗട്ടുകൾ സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനുകളാക്കി മാറ്റുന്നതും ഇതിൽ പെടുന്നു.
കൂടാതെ കാൽനട യാത്രാപാതകൾ, സൈക്കിൾ പാതകൾ, തെരുവ് വിളക്കുകളുടെ നിർമ്മാണം എന്നിവയും പദ്ധതിയിലുൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങളടങ്ങിയ ബോർഡുകളും അടയാളങ്ങളും അശ്ഗാൽ പദ്ധതിപ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. വേഗത കുറച്ച് സുരക്ഷക്ക് മുൻഗണന നൽകി വാഹനമോടിക്കണമെന്ന് അശ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.